ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സ്‌കോര്‍: ബംഗ്ലാദേശ് 330, 157. പാകിസ്താന്‍ 286, രണ്ടിന് 203

ആദ്യ ഇന്നിങ്‌സില്‍ ലീഡ് ലഭിച്ചിട്ടും ബംഗ്ലാദേശിന് വിജയം നേടാനായില്ല. ഈ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ മുന്നിലെത്തി. 

ആദ്യ ഇന്നിങ്‌സില്‍ 330 റണ്‍സെടുത്ത ബംഗ്ലാദേശ് പാകിസ്താനെ ആദ്യ ഇന്നിങ്‌സില്‍ 286 റണ്‍സിനൊതുക്കി 44 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ബംഗ്ലാദേശിനായി ലിട്ടണ്‍ ദാസും പാകിസ്താന് വേണ്ടി ആബിദ് അലിയും സെഞ്ചുറി നേടി. 

44 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് പക്ഷേ മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. വെറും 157 റണ്‍സിന് ടീം ഓള്‍ ഔട്ടായി. ഇത്തവണയും 59 റണ്‍സെടുത്ത് ലിട്ടണ്‍ ദാസ് തിളങ്ങി. 

202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി രണ്ടാം ഇന്നിങ്‌സിലും ആബിദ് അലി തിളങ്ങി. 91 റണ്‍സെടുത്ത ആബിദിന്റെയും 73 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിന്റെയും മികവില്‍ പാകിസ്താന്‍ വിജയം നേടി. 

പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ നാലിന് ആരംഭിക്കും.

Content Highlights: Pakistan beat Bangladesh by eight wickets, first test match