ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളോട് കാണികള്‍ മാന്യമായി പെരുമാറണമെന്ന് അഭ്യര്‍ഥിച്ച് ഓസിസ് നായകന്‍ ടിം പെയ്ന്‍. സിഡ്‌നിയില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിടേണ്ടിവന്ന സാഹചര്യമുണ്ടായതിനാലാണ് പെയ്ന്‍ ആവശ്യവുമായി രംഗത്തെത്തിയത്.

'കാണികളുടെ പെരുമാറ്റം ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല ഞങ്ങളെയും വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ആരെയും കളിയാക്കാറില്ല. അതിന് അനുവദിക്കുകയുമില്ല. ഗാബ്ബ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുന്നവര്‍ ക്രിക്കറ്റ് ആസ്വദിക്കുക, ഓസ്‌ട്രേലിയയെ അല്ലെങ്കില്‍ ഇന്ത്യയെ പിന്തുണയ്ക്കുക. നിങ്ങള്‍ കളി കാണുമ്പോള്‍ ഓരോ കളിക്കാരനെയും ബഹുമാനിക്കാന്‍ പഠിക്കൂ. കളിയെ ബഹുമാനിക്കൂ' -പെയ്ന്‍ വ്യക്തമാക്കി

മൂന്നാം ടെസ്റ്റില്‍ അധിക്ഷേപം നേരിടേണ്ടിവന്ന അശ്വിനോടും സിറാജിനോടും ബുംറയോടും താരം നേരത്തേ ക്ഷമ ചോദിച്ചിരുന്നു.മൂന്നാം ടെസ്റ്റിൽ അശ്വിന്‍ ബാറ്റുചെയ്യുന്നതിനിടെ പെയ്ന്‍ താരത്തോട് മോശമായി പെരുമാറിയിരുന്നു. അത്തരം സംഭവം ഇനിയുണ്ടാകില്ലെന്നും പെയ്ന്‍ ഉറപ്പുനല്‍കി. 

Content Highlights: Paine urges Brisbane crowd to treat Indians respectfully after Sydney fallout