ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബെന്‍ സ്റ്റോക്ക്‌സും മാര്‍ട്ടിന്‍ ഗുപ്റ്റിലും ഉള്‍പ്പെട്ട ഓവര്‍ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി). 

ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എം.സി.സിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യു.സി.സി) തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിവാദ സംഭവം വീണ്ടും പരിശോധിക്കാന്‍ തീരുമാനമായത്. 

ലോകകപ്പ് ഫൈനലിലെ സംഭവവുമായി ബന്ധപ്പെട്ട് ഓവര്‍ത്രോയുമായി ബന്ധപ്പെട്ട ഐ.സി.സിയുടെ നിയമത്തിന്റെ 19.8 വകുപ്പ് ഡബ്ല്യു.സി.സി ചര്‍ച്ച ചെയ്തിരുന്നു. ഇതിലുള്‍പ്പെട്ട കാര്യങ്ങള്‍ ഈ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഉണ്ടായ സംഭവം വരുന്ന സെപ്റ്റംബറില്‍ നിയമ ഉപസമിതി പരിശോധിക്കുമെന്നും എം.സി.സി ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയായിരുന്നു.

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ തെറ്റ് സംഭവിച്ചെന്ന് സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേനയും രംഗത്തെത്തി. ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിച്ചത് തെറ്റാണെന്ന് ഐ.സി.സി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലും പറഞ്ഞിരുന്നു.

Content Highlights: Overthrow incident during England-New Zealand final to be reviewed in September