Photo: AP
എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ലഭിച്ചതിനു പിന്നാലെ ഇതേ കാരണത്താല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ട് പോയന്റുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ പാകിസ്താനു പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു.
നിലവില്‍ ആറ് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി 75 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. 52.08 ആണ് ഇന്ത്യയുടെ പോയന്റ് ശതമാനം. 52.38 പോയന്റ് ശതമാനമുള്ള പാകിസ്താന്‍ ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

നേരത്തെ ജോ റൂട്ട്-ജോണി ബെയര്‍സ്റ്റോ ബാറ്റിങ് സഖ്യത്തിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ട് ഏഴുവിക്കറ്റിന്റെ അനായാസവിജയം സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സ് അടിക്കുകയും 132 റണ്‍സ് ലീഡ് നേടുകയും ചെയ്ത ഇന്ത്യയ്ക്ക് നിര്‍ണായകഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്-ജോണി ബെയര്‍സ്റ്റോ ബാറ്റിങ് സഖ്യത്തിന്റെ വേരറുക്കാന്‍ കഴിഞ്ഞില്ല. മൂന്നിന് 259 എന്നനിലയില്‍ ചൊവ്വാഴ്ച ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ടും (142*) ജോണി ബെയര്‍സ്റ്റോയും (114*) സെഞ്ചുറികളുമായി പുറത്താകാതെനിന്നപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ സഖ്യം 316 പന്തില്‍ 269 റണ്‍സുമായി പുറത്താകാതെനിന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ട് ചേസ് ചെയ്ത് ജയിക്കുന്ന ഉയര്‍ന്ന സ്‌കോര്‍കൂടിയാണിത്. ഇംഗ്ലണ്ട് ജയിച്ചതോടെ പരമ്പര 2-2 എന്നനിലയിലായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..