ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്‌ തീപാറും പോരാട്ടം ഇന്ന്‌; കോലിയില്‍ ഉറ്റുനോക്കി ആരാധകര്‍


അഭിനാഥ് തിരുവലത്ത്‌

2008-ലെ മുംബൈ ഭീകരാക്രമണം കാര്യങ്ങള്‍ വീണ്ടും വഷളാക്കി. അതിനു ശേഷം ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇക്കാരണങ്ങളാല്‍ തന്നെയാണ് ലോക വേദികളിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് യുദ്ധസമാനമായ ഒരു പ്രതീതി കൈവരുന്നത്

Photo: AFP

ന്ത്യയും പാകിസ്താനും ഒന്നിച്ച് പരസ്പരം കളത്തിലിറങ്ങുമ്പോള്‍ അത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ തലത്തിലേക്ക് ഉയരുന്ന പോരാട്ടം കൂടിയാണ്. അതിനാല്‍ തന്നെ ആരാധകരില്‍ വീറും വാശിയും ആവോളമേറും. ഇക്കാരണത്താല്‍ തന്നെ അത്തരം മത്സരങ്ങളിലെ തോല്‍വി ടീമിനുണ്ടാക്കുന്ന ആഘാതവും വളരെ വലുതായിരിക്കും. ഏഷ്യാ കപ്പില്‍ ഞായറാഴ്ച കളത്തിലിറങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും മറികടക്കേണ്ടത് ഈ മാനസിക സമ്മര്‍ദമാണ്.

1947 മുതല്‍ 75 വര്‍ഷങ്ങള്‍ക്കിപ്പുറവും കായിക രംഗത്തെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍ക്ക് പ്രത്യേക മാനമുണ്ട്‌. ഇതിനിടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം പലപ്പോഴും ഇന്ത്യ - പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാതെ വന്നിട്ടുണ്ട്. 1965, 1971 വര്‍ഷങ്ങളിലെ യുദ്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത് ക്രിക്കറ്റിലും നിഴലിച്ചു. പിന്നീട് 1978 വരെ ഇരുവരും തമ്മില്‍ കളിച്ചില്ല. ഭീകരാക്രമണങ്ങളും മറ്റും കാരണം പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ പലതവണ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇരു രാജ്യങ്ങള്‍ക്കിടയിലും നയതന്ത്രത്തിന്റെ രൂപത്തില്‍ ഉയര്‍ന്നുവന്നതും ക്രിക്കറ്റ് മത്സരങ്ങളാണ്. 1980-കളുടെ അവസാനത്തിലും 1990-കളുടെ ഭൂരിഭാഗവും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിച്ചത് യുഎഇ, ഷാര്‍ജ, കനേഡിയന്‍ നഗരമായ ടൊറന്റോ തുടങ്ങിയ നിഷ്പക്ഷ വേദികളില്‍ മാത്രമായിരുന്നു.

പിന്നീട് 1999-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരിത്രപരമായ പാകിസ്താന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും സൗഹാര്‍ദപരമാകുന്നത്. വാജ്പേയിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തി. എന്നാല്‍ ആ വര്‍ഷം അവസാനം നടന്ന കാര്‍ഗില്‍ യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയതോടെ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും പടിക്ക് പുറത്തായി. പിന്നീട് 2003-ല്‍ വാജ്പേയി മുന്‍കൈയെടുത്ത സമാധാന നീക്കത്തിനു പിന്നാലെയാണ് നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയത്. 2005, 2006 വര്‍ഷങ്ങളിലും പര്യടനങ്ങള്‍ നടന്നു. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണം കാര്യങ്ങള്‍ വീണ്ടും വഷളാക്കി. അതിനു ശേഷം ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇക്കാരണങ്ങളാല്‍ തന്നെയാണ് ലോക വേദികളിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് യുദ്ധസമാനമായ ഒരു പ്രതീതി കൈവരുന്നത്.

ഇതുവരെ ഏകദിന ലോകകപ്പില്‍ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് ടീമിന് സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്ത പാകിസ്താന്‍, ഒരു ലോക വേദിയില്‍ ഇന്ത്യന്‍ ടീമിനെതിരായ ആദ്യ ജയമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ - പാക് പോരാട്ടത്തിന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കളമൊരുങ്ങുമ്പോള്‍ ബൗളിങ് വിഭാഗത്തില്‍ ഇരുവരും പ്രതിസന്ധി നേരിടുകയാണ്. പരിക്ക് കാരണം ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്താന്റെ ഷഹീന്‍ അഫ്രീദിയും ഏഷ്യാ കപ്പിനില്ല. ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ക്കൊപ്പം ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ് എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ ബൗളിങ് നിര.

ഹസന്‍ അലി, മുഹമ്മദ് നവാസ്, ഷഹ്നവാസ് ദഹാനി, നസീം ഷാ, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവരടങ്ങിയ പാകിസ്താന്‍ ബൗളിങ് നിരയെ എഴുതി തള്ളാനാവില്ല. ബൗളിങ്ങില്‍ പ്രധാന താരങ്ങളുടെ അഭാവം ഇരു ടീമിലും ഉള്ളതിനാല്‍ തന്നെ ബാറ്റിങ് കരുത്ത് തന്നെയാകും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക.

രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഓപ്പണ്‍ ചെയ്യുന്ന ബാറ്റിങ് ലൈനപ്പില്‍ പിന്നീട് വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെത്തും. 2018 ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ടീമിനെതിരേ പരിക്കേറ്റ് മടങ്ങി, നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഹാര്‍ദിക് തകര്‍പ്പന്‍ ഫോമിലാണ്. ബൗളിങ്ങില്‍ ഭുവനേശ്വറിന് ഉറച്ച പിന്തുണ നല്‍കാനും താരത്തിന് സാധിക്കുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. അടുത്ത കാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്ത വിരാട് കോലിയില്‍ തന്നെയാകും ഇത്തവണയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. ഏഷ്യാ കപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. മാത്രമല്ല കോലിയുടെ അഭാവത്തില്‍ വണ്‍ഡൗണ്‍ സ്ഥാനത്തടക്കം തിളങ്ങിയ ദീപക് ഹൂഡ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. ഫിനിഷര്‍ എന്ന നിലയില്‍ ടീമിലെടുത്ത ദിനേഷ് കാര്‍ത്തിക്കിലോ അതോ മികച്ച ഫോമിലുള്ള ഹൂഡയിലോ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുക എന്നത് കാത്തിരുന്ന് കാണണം. സൂര്യകുമാര്‍ യാദവിന്റെ ടീമിലെ സ്ഥാനം ആരാലും ചോദ്യം ചെയ്യപ്പെടുകയില്ല.

മറുവശത്ത് ക്യാപ്റ്റന്‍ ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ തുടക്കമിടുന്ന പാകിസ്താന്‍ ബാറ്റിങ് നിര പ്രത്യേകിച്ചും യുഎഇയിലെ സാഹചര്യത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കും. പാക് ടീമിന് സ്വന്തം നാട്ടില്‍ കളിക്കുന്ന തരത്തിലുള്ള ആനുകൂല്യമാണ് ദുബായില്‍ ലഭിക്കുക. പാക് ബാറ്റര്‍മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം ഈ സാഹചര്യവും ഇന്ത്യയ്ക്ക് മറികടക്കേണ്ടതായിട്ടുണ്ട്. ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും പാക് ടീമിന് കരുത്ത് പകരുന്നു.

എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ പരാജയത്തിന് പകരംവീട്ടാനുറച്ച് തന്നെയാകും ഞായറാഴ്ച ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക.

Content Highlights: One of cricket fiercest and most iconic rivalries India vs Pakistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented