ദുബായ്: നായകനായിരിക്കെ കളിക്കളത്തിലെ തന്ത്രങ്ങളില്‍ എം.എസ് ധോനിയെ വെല്ലാന്‍ പോന്ന നായകന്മാര്‍ അധികം ഉണ്ടായിട്ടില്ല. നായകസ്ഥാനം ഒഴിഞ്ഞിട്ടും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്നു തെളിയിക്കുകയാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. 

കഴിഞ്ഞ ദിവസം പാകിസ്താന്റെ ഇമാം ഉള്‍ ഹഖിനെതിരെയുള്ള ഇന്ത്യയുടെ എല്‍.ബി.ഡബ്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചപ്പോഴാണ് ധോനി ഇന്ത്യയുടെ സഹായത്തിനെത്തിയത്. 

മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ചാഹലിന്റെ അവസാന പന്ത് ഇമാം ഉള്‍ ഹഖിന്റെ പാഡില്‍ തട്ടുന്നു. പിന്നാലെ ഇന്ത്യയുടെ എല്‍.ബി.ഡബ്യു അപ്പീല്‍. എന്നാല്‍ അമ്പയര്‍ക്ക് അത് ബോധ്യമായില്ല. എന്നാല്‍ ഡി.ആര്‍.എസ് എടുക്കണോ എന്ന കാര്യത്തില്‍ രോഹിത്തിനും ചാലഹിനും സംശയം. രോഹിത്ത് നേരെ ധോനിയുടെ അടുത്തേക്ക്, ഡി.ആര്‍.എസ് എടുക്കാന്‍ നിര്‍ദേശിച്ച് ധോനി തലയാട്ടുന്നു. ഫലം വന്നപ്പോള്‍ ഇമാം ഉള്‍ ഹഖ് പുറത്ത്. 

ധോനിയുടെ ഡി.ആര്‍.എസ് തീരുമാനങ്ങള്‍ തെറ്റാറില്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി. കൂടാതെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ധോനിയുടെ കഴിവ് ഇന്നലെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റുകൂടി നേടിത്തന്നു. ബാബര്‍ അസമും പാക് നായകന്‍ സര്‍ഫ്രാസ് ഖാനും ക്രീസിലുള്ളപ്പോഴാണ് അടുത്ത സംഭവം. ജഡേജയുടെ പന്ത് തേഡ്മാന്‍ ബൗണ്ടറിയിലേക്ക് കളിച്ച് സിംഗിള്‍ നേടാന്‍ സര്‍ഫ്രാസിന്റെ ശ്രമം, ഈ സമയത്തു തന്നെ ബാബര്‍ അസം റണ്‍സെടുക്കാനായി ഓടിത്തുടങ്ങിയിരുന്നു. ഫീല്‍ഡ് ചെയ്തിരുന്ന യൂസ്‌വേന്ദ്ര ചാഹല്‍ പന്ത് കയ്യിലെടുക്കും മുന്‍പു തന്നെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കെറിയാന്‍ ധോനിയുടെ നിര്‍ദേശം. ഇത് അനുസരിച്ച് ചാഹല്‍ പന്ത് ജഡേജയ്ക്ക് കൈമാറുന്നു, ഫലമോ ബാബര്‍ അസം റണ്ണൗട്ട്.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാന്‍ ധോനി നിര്‍ദേശിച്ച നിര്‍ണായക ഫീല്‍ഡിങ് മാറ്റവും ഇത്തരത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Content Highlights: once again ms dhoni rightly calls for the drs