ന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരായ താരങ്ങളില്‍ ഒരാളാണ് കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്ന് കാണുന്ന കരുത്തിലേക്കെത്തിക്കുന്നതിന് തുടക്കമിട്ട താരം. വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിങ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവരുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ശക്തിയും ഗാംഗുലി തന്നെയായിരുന്നു.

2003-ല്‍ ടീം ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ദാദ, ആ ടൂര്‍ണമെന്റില്‍ ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ നോക്കൗട്ട് മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ദാദയുടെ ഈ നേട്ടത്തിന് വെള്ളിയാഴ്ച 17 വയസ് തികയുകയാണ്.

2003-ല്‍ ഡര്‍ബനിലെ കിങ്‌സ്മീഡില്‍ കെനിയക്കെതിരേ നടന്ന ലോകകപ്പ് സെമിഫൈനലില്‍ നേടിയ സെഞ്ചുറിയോടെയാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗും സച്ചിന്‍ തെണ്ടുല്‍ക്കറും ആദ്യ വിക്കറ്റില്‍ 74 റണ്‍സ് നേടി. 19-ാം ഓവറില്‍ സെവാഗ് (33) പുറത്തായ ശേഷമാണ് ഗാംഗുലി ബാറ്റിങ്ങിനെത്തുന്നത്.

രണ്ടാം വിക്കറ്റില്‍ സച്ചിനുമൊത്ത് ഗാംഗുലി 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 83 റണ്‍സിന് പുറത്തായെങ്കിലും കൊല്‍ക്കത്ത രാജകുമാരന്‍ അഞ്ച് ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 111 റണ്‍സ് നേടി. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെനിയ 179 റണ്‍സിന് പുറത്തായി. ഇന്ത്യ ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഓസീസിനോട് തോറ്റു.

2015-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് പിന്നീട് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തും ഗാംഗുലി എത്തി.

Content Highlights: On this day Sourav Ganguly hits historic hundred