ന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസമാണ് സെപ്റ്റംബര്‍ 24. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ മുത്തമിട്ടത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നേടുന്ന ഒരു ലോകകപ്പ്, ഒപ്പം എം.എസ് ധോനി എന്ന ക്യാപ്റ്റന്റെ ഉദയവും.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രമെഴുതി. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ആറു ഓവറിനുള്ളില്‍ ഇന്ത്യക്ക് യൂസുഫ് പത്താനേയും റോബിന്‍ ഉത്തപ്പയേയും നഷ്ടപ്പെട്ടു. എന്നാല്‍ ഗൗതം ഗംഭീറും രോഹിത് ശര്‍മയും രക്ഷകരായി. ഗംഭീര്‍ 54 പന്തില്‍ 75 റണ്‍സ് അടിച്ചപ്പോള്‍ രോഹിത് ശര്‍മ പുറത്താകാതെ 16 പന്തില്‍ 30 റണ്‍സ് നേടി. ഇതോടെ 158 റണ്‍സ് വിജയലക്ഷ്യം പാകിസ്താന് മുന്നില്‍വന്നു.

പാകിസ്താന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണെങ്കിലും മിസ്ബാ ഉല്‍ ഹഖ് പാറപോലെ ഉറച്ചുനിന്നു. ഹര്‍ഭജന്‍ സിങ്ങിനെ മൂന്നു തവണ സിക്‌സർ പറത്തി. ഒടുവില്‍ അവസാന ഓവറില്‍ പാകിസ്താന് വിജയിക്കാന്‍ 13 റണ്‍സ് എന്ന നിലയിലായി. പക്ഷേ ഒമ്പത് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. 

ആ നിര്‍ണായക ഓവര്‍ ധോനി ഏല്‍പ്പിച്ചത് പുതുമുഖമായ ജോഗീന്ദര്‍ ശര്‍മയെ. എല്ലാവരും കണ്ണുമിഴിച്ചു. ജോഗീന്ദറിന്റെ രണ്ടാം പന്ത് മിസ്ബാഹുല്‍ ഹഖ് സിക്‌സറിലേക്ക് എത്തിച്ചു. എന്നാല്‍ അടുത്ത പന്തില്‍ സ്‌കൂപിന് ശ്രമിച്ച മിസ്ബയ്ക്ക് പിഴച്ചു. പന്ത് ശ്രീശാന്തിന്റെ കൈക്കുള്ളില്‍ സുരക്ഷിതം. മിസ്ബ ക്രീസില്‍ നിരാശയോടെ മുട്ടുകുത്തി ഇരുന്നപ്പോള്‍ ഇന്ത്യന്‍ ടീം തേനീച്ചക്കൂട് പോലെ ഇളകി ഗ്രൗണ്ടിലൂടെ ഓടി. ധോനിയുടെ സംഘം പുതുചരിത്രമെഴുതി. 24 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചു. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഓര്‍മയില്‍ ജീവിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും താരങ്ങളും.

Content Highlights: On This Day in 2007 MS Dhoni led Team India Beat Pakistan to Win Inaugural T20 World Cup