ന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാറ്റ്‌സമാനും മുന്‍ നായകനുമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. മിഡ് വിക്കറ്റിലൂടെയുള്ള അദ്ദേഹത്തിന്റെ ഫ്‌ളിക്ക് ഷോട്ടുകള്‍ ഇന്നും കായികപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിനെയും അസ്ഹറുദ്ദീനെയും സംബന്ധിച്ചിടത്തോളം ഇന്ന് മറക്കാനാവാത്ത ഒരു ദിവസമാണ്. 25 വര്‍ഷം മുന്‍പ് ഇതേ ദിനത്തിലാണ് അസ്ഹറുദ്ദീന്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് 1996 സെപ്റ്റംബര്‍ 17 ന് താരം സ്വന്തമാക്കിയത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വന്മരമായി പടര്‍ന്നു പന്തലിക്കുന്നതിനുമുന്‍പാണ് അസ്ഹറുദ്ദീന്‍ ഈ നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടന്ന സഹാറ കപ്പ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിലാണ് അസ്ഹര്‍ ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് 88 റണ്‍സ് നേടിയ താരം ദ്രാവിഡിനൊപ്പം 161 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ ടോട്ടല്‍ 264 റണ്‍സിലെത്തിച്ചു. ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അസ്ഹറിന്റെ ഇന്നിങ്‌സ് ചരിത്രത്തില്‍ ഇടം നേടി. 

334 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അസ്ഹറുദ്ദീന്‍ 36.72 ശരാശരിയില്‍ 9378 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് അസ്ഹറുദ്ദീന്‍. ആ റെക്കോഡ് ഇന്നും ആര്‍ക്കും ഭേദിക്കാനായിട്ടില്ല. 

Content Highlights: On This Day in 1996 Mohammed Azharuddin Became the First Indian to Score 6,000 ODI Runs