ഡബ്ലിന്‍: ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍ അടിച്ച് വിന്‍ഡീസിന്റെ ജോണ്‍ കാമ്പെല്ലും (137 പന്തില്‍ 179) ഷായ് ഹോപ്പും (152 പന്തില്‍ 170) ലോകറെക്കോഡ് കുറിച്ചു. ഞായറാഴ്ച അയര്‍ലന്‍ഡിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് വിന്‍ഡീസ് ജോഡിയുടെ വിസ്മയ ബാറ്റിങ്. ഏകദിന ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടും എല്ലാ വിക്കറ്റുകളിലുമായി മികച്ച രണ്ടാം കൂട്ടുകെട്ടുമാണിത്.
ജോണ്‍ കാമ്പെല്‍ 15 ബൗണ്ടറിയും ആറു സിക്സും അടിച്ചപ്പോള്‍ ഷായ് ഹോപ് 22 ബൗണ്ടറിയും രണ്ടു സിക്സും അടിച്ചു. പാകിസ്താന് ഓപ്പണര്‍മാരായ ഇമാം ഇള് ഹഖും ഫകര്‍ സമാനും ചേര്‍ന്ന് കഴിഞ്ഞ ജൂലായില്‍ അടിച്ച 304 റണ്‍ ആയിരുന്നു ഇതുവരെ ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ട്.
2015 ലോകകപ്പില്‍ വിന്ഡീസിന്റെതന്നെ ക്രിസ് ഗെയ്ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ച 372 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ബാരി മക്കാര്‍ത്തി എറിഞ്ഞ 48ാം ഓവറിലെ രണ്ടാം പന്തില്‍ കാമ്പെല്ലും ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഹോപ്പും മടങ്ങി.
ഓപ്പണര്‍മാരുടെ മികവില്‍ വിന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 381 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 34.4 ഓവറില്‍ 185 റണ്‍സിന് പുരത്തായി. ഇതോടെ മത്സരം 196 റണ്‍സിന് വിന്‍ഡീസ് വിജയിച്ചു. 7.4 ഓവറില്‍ 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ആഷ്ലി നഴ്സ് ആണ് അയര്‍ലന്‍ഡിന്റെ ബാറ്റിങ് നിരയെ എളുപ്പത്തില്‍ പുറത്താക്കിയത്.
Content Highlights: ODI record opening stand helps West Indies secure huge win over Ireland
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..