ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പാകിസ്താൻ 297 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി അസര്‍ അലിയും നായകന്‍ മുഹമ്മദ് റിസ്വാനും മികച്ച പ്രകടനം കാഴ്ചവച്ചു. ന്യൂസീലന്‍ഡിനായി പേസ് ബൗളര്‍ കൈല്‍ ജാമിസണ്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി.
പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 83 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമിനെ അസര്‍ അലിയും റിസ്വാനും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. അസര്‍ 93 ഉം റിസ്വാന്‍ 61 ഉം റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ഫഹീം അഷ്‌റഫും സഫര്‍ ഗോഹറുമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഷ്‌റഫ് 48 റണ്‍സും ഗോഹര്‍ 34 റണ്‍സുമെടുത്ത് പുറത്തായി.
ന്യൂസീലന്‍ഡിനുവേണ്ടി ജാമിസണ്‍ 21 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ശേഷിച്ച വിക്കറ്റ് മാറ്റ് ഹെന്റി സ്വന്തമാക്കി.
ആദ്യ ടെസ്റ്റില്‍ വിജയിച്ച ന്യൂസീലന്‍ഡ് പരമ്പരയില്‍ മുന്നിലാണ്.
Content Highlights: NZ vs Pak, 2nd Test: Jamieson takes 5 as visitors all out on 297 on Day 1