സെന്റ് ലൂസിയ: ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും വിന്‍ഡീസ് ബൗളര്‍ ഷാന്നന്‍ ഗബ്രിയേലും.
മത്സരത്തിനിടെ പലപ്പോഴും ഗബ്രിയേല്‍ റൂട്ടിനെ പ്രകോപിപ്പിച്ചു. ഇതിനിടെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഗബ്രിയേലിനെ അമ്പയര്‍മാരായ റോഡ് ടക്കറും കുമാര്‍ ധര്‍മസേനയും താക്കീത് ചെയ്യുകയും ചെയ്തു.
വാക്കുതര്‍ക്കത്തിനിടെ 'സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല' എന്ന് റൂട്ട് ഗബ്രിയേലിനോട് പറയുന്നത് സ്റ്റംമ്പ് മൈക്ക് വ്യക്തമായി ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍ ഗബ്രിയേലിന്റെ വാക്കുകള്‍ വ്യക്തമായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഗബ്രിയേലിനെ അമ്പയര്‍മാര്‍ താക്കീത് ചെയ്തത്.
മൂന്നാം ദിനത്തില്‍ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. തന്റെ 16-ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു റൂട്ട്. ഒരു ഓവര്‍ അവസാനിച്ച ശേഷം റൂട്ടിനടുത്തെത്തിയ ഗബ്രിയേല്‍ താരത്തോട് എന്തോ പറഞ്ഞു. ഇതിനു മറുപടിയായാണ് റൂട്ട് 'സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല' എന്ന് റൂട്ട് തിരിച്ചു പറഞ്ഞത്. ഗബ്രിയേല്‍ പറഞ്ഞത് എന്താണെന്നു വ്യക്തമാക്കാന്‍ റൂട്ട് തയ്യാറായതുമില്ല.
എന്നാല്‍ തന്നോട് പറഞ്ഞ കാര്യത്തിന് ഗബ്രിയേല്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നായിരുന്നു റൂട്ടിന്റെ പ്രതികരണം. ഇക്കാര്യങ്ങള്‍ റൂട്ട് മാച്ച് ഓഫീഷ്യല്‍സിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കളിക്കളത്തില്‍ തന്നെ തീരേണ്ടതാണെന്നായിരുന്നു റൂട്ടിന്റെ അഭിപ്രായം.
അതേസമയം മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ റൂട്ടിന്റെ സെഞ്ചുറി (111*) മികവില്‍ നാലിന് 325 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സില്‍ ഇതുവരെ 448 റണ്‍സ് ലീഡായി.
Content Highlights: nothing wrong with being gay joe root calls out shannon gabriel for using abusive language
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..