ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെയാകും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റു കൂടിയായ സൗരവ് ഗാംഗുലിയുടെ സ്ഥാനം. വാതുവെയ്പ്പ് വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ ആരാധകര്‍ കൈയൊഴിഞ്ഞ ഘട്ടത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വേണ്ടെന്നുവെച്ച ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് സൗരവായിരുന്നു. ആരാധകര്‍ക്ക് നഷ്ടപ്പെട്ട ടീമിലുള്ള വിശ്വാസം തിരികെ പിടിച്ചതും അദ്ദേഹം തന്നെ. ടീമിന്റെ 2002-ലെ ചാമ്പ്യന്‍സ് ട്രോഫി, നാറ്റ്‌വെസ്റ്റ് ട്രോഫി വിജയവും 2003 ലോകകപ്പിലെ പ്രകടനവുമെല്ലാം സൗരവിന്റെ കിരീടത്തിലെ പൊന്‍തൂവലുകളായി. ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ദാദ എന്ന് വിളിച്ച് തുടങ്ങുകയും ചെയ്തു.

എന്നാലിപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിന് ഇത്രയേറെ നേട്ടങ്ങള്‍ സമ്മാനിച്ച സൗരവിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എന്നതു പോയിട്ട് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് ഏറെ കഠിനമായ ജോലിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സെലക്ടറും ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ തലവനുമായ അശോക് മല്‍ഹോത്ര.

മാത്രമല്ല സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജി വെച്ചപ്പോള്‍ ക്യാപ്റ്റനാകാനുള്ള സാധ്യതയില്‍ സൗരവിനേക്കാള്‍ മുന്നില്‍ അനില്‍ കുംബ്ലെയും അജയ് ജഡേജയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 1992-ല്‍ ടീമിലെത്തിയ സൗരവ് പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1996-ലാണ് ടീമിലേക്ക് തിരികെയെത്തിയത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായിരുന്ന ടീമില്‍ സൗരവിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുന്നതില്‍ ഒരു മുന്‍ പരിശീലകന് ആശങ്കയുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ തന്നെ ബംഗാള്‍ ബാറ്റ്‌സ്മാനെ ലീഡര്‍ഷിപ്പ് റോളിലേക്ക് കൊണ്ടുവരാന്‍ നന്നായി പണിപ്പെടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''എന്റെ ഓര്‍മ ശരിയാണെങ്കില്‍ സൗരവ് ഗാംഗുലിയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ഒരു കഠിനമേറിയ ജോലിയായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാല്‍ അപ്പോള്‍ കോച്ചിന് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. സൗരവ് അമിതമായി കോക്ക് (ശീതളപാനീയം) കുടിക്കും, സിംഗിളുകള്‍ എടുക്കും പക്ഷേ ഡബിളെടുക്കില്ല തുടങ്ങിയവ. എന്നാല്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് അയോഗ്യനാക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അവിടെ വലിയൊരു ചര്‍ച്ച തന്നെ നടന്നു. 3-2 എന്ന നിലയില്‍ വോട്ടിങ് സൗരവിന് അനുകൂലമായി.'' - അന്ന് സെലക്ഷന്‍ പാനലിന്റെ ഭാഗമായിരുന്ന അശോക് മല്‍ഹോത്ര സ്‌പോര്‍ട്‌സ്‌കീഡയുടെ ഫേസ്ബുക്ക് ലൈവ് സെഷനില്‍ പറഞ്ഞു.

''പക്ഷേ അപ്പോള്‍ അവിടേക്ക് അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് വന്നു. പേര് ഞാന്‍ പറയുന്നില്ല. അങ്ങനെ ഒരു കാര്യം ബി.സി.സി.ഐയുടെ ചരിത്രത്തില്‍ തന്നെ നടന്നിട്ടില്ല. അദ്ദേഹവും ചെയര്‍മാനും ഈ തീരുമാനം അറിഞ്ഞ് ഞങ്ങളോട് പറഞ്ഞു, ജെന്റില്‍മെന്‍ നമുക്ക് ഇക്കാര്യത്തില്‍ ഒരു പുനരാലോചന നടത്താം. സെലക്ടര്‍മാരില്‍ ഞങ്ങള്‍ രണ്ടുപേര്‍ ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ ഒരാള്‍ പ്രസിഡന്റ് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിനൊപ്പമാണെന്ന് പറഞ്ഞു. അതോടെ ഞങ്ങള്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയില്ല, പക്ഷേ പിന്നീട് ഞങ്ങള്‍ അത് ചെയ്തു.'' -  മല്‍ഹോത്ര പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജി വെച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന അവസരത്തില്‍ അനില്‍ കുംബ്ലെ, അജയ് ജഡേജ എന്നിവരാണ് സൗരവ് ഗാംഗുലിയെക്കാള്‍ മുന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''സൗരവ് ഗാംഗുലി ക്യാപ്റ്റനാകുമെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. കാരണം അന്ന് ആ സ്ഥാനത്ത് സച്ചിനായിരുന്നു. എന്നാല്‍ അദ്ദേഹം രാജിവെച്ചപ്പോള്‍ സൗരവിനെ ക്യാപ്റ്റനാക്കാന്‍ എല്ലാവരേയും ബോധ്യപ്പെടുത്തേണ്ടിവന്നു, കാരണം അനില്‍ കുംബ്ലെയും അജയ് ജഡേജയുമായിരുന്നു അന്ന് മുന്‍നിരയിലുണ്ടായിരുന്നത്.'' - മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

Content Highlights: not Sourav Ganguly Anil Kumble and Ajay Jadeja were in line After Sachin Tendulkar resigned