Photo: Getty Images
മസ്‌ക്കറ്റ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പോലൊരാളെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ലെജന്‍ഡ്‌സ് ലീഗുമായി ബന്ധപ്പെട്ട് ഒമാനിലുള്ള ശാസ്ത്രി, മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടയ്ക്കാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പോലെ ഇത്രയ്ക്ക് ശാന്തനും സമാധാനപ്രിയനുമായ ഒരു വ്യക്തിയെ താന്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് ശാസ്ത്രി എടുത്ത് പറയുന്നു.
ഇന്നുവരെ തന്റെ പക്കല്‍ ധോനിയുടെ ഫോണ്‍ നമ്പറില്ലെന്നും വേണമെന്ന് വെച്ചാല്‍ എത്ര കാലത്തേക്കാണെങ്കിലും ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപേക്ഷിക്കാന്‍ ധോനിക്ക് അനായാസം സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ധോനി ഒരിക്കല്‍ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ ശാസ്ത്രി കളിയിലെ ഉയര്‍ച്ചതാഴ്ചകള്‍ അദ്ദേഹത്തില്‍ യാതൊരു തരത്തിലുമുള്ള വ്യത്യാസവും ഉണ്ടാക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
''ഇനി പൂജ്യത്തിന് പുറത്തായാലും സെഞ്ചുറി നേടിയാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും അതൊന്നും ധോനിയില്‍ യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. ഞാന്‍ ധാരാളം ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്, എന്നാല്‍ ധോനിയെ പോലൊരാളെ കണ്ടിട്ടേയില്ല. പൊതുവെ ശാന്തപ്രകൃതക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, പക്ഷേ അദ്ദേഹം പോലും ഇടയ്ക്ക് ദേഷ്യപ്പെടാറുണ്ട്. എന്നാല്‍ ധോനി അങ്ങനെയല്ല.'' - ശാസ്ത്രി വ്യക്തമാക്കി.
''കുറച്ചുകാലം ഫോണ്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ധോനിക്കത് നിഷ്പ്രയാസം സാധിക്കും. ഇന്നുവരെ എന്റെ പക്കല്‍ ധോനിയുടെ നമ്പറില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. ധോനി എപ്പോഴും ഫോണ്‍ കൈയില്‍ കൊണ്ടുനടക്കുന്നയാളല്ലെന്ന് എനിക്കറിയാം. ധോനിയെ ബന്ധപ്പെടേണ്ട കാര്യം വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അദ്ദേഹം അങ്ങനെയുള്ള ഒരാളാണ്.'' - ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിരാട് കോലിയെ കുറിച്ചും ശാസ്ത്രി വാചാലനായി. ''വിരാട് മൈതാനത്ത് ഒരു വന്യമൃഗത്തെ പോലെയാണ്. കളിക്കളത്തിലേക്കിറങ്ങിയാല്‍ അയാള്‍ക്ക് എല്ലാവരോടും മത്സരിക്കുക എന്നത് മാത്രമേയുള്ളൂ, മറ്റൊന്നിനെ കുറിച്ചും അദ്ദേഹം ശ്രദ്ധിക്കില്ല. പക്ഷേ കളത്തിനു പുറത്ത് അദ്ദേഹം നേരേ വിപരീതമാണ്, തികച്ചും ശാന്തനാണ്.'' - ശാസ്ത്രി പറഞ്ഞു.
Content Highlights: not seen a clam and composed person like him ravi shastri on ms dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..