കിങ്‌സ്റ്റണ്‍: നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി തിളങ്ങിയിരുന്ന ജസ്പ്രീത് ബുംറയെ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. 

ഒരു ട്വന്റി 20 ബൗളറുടെ ഖ്യാതി മാത്രമുണ്ടായിരുന്ന താരത്തിന് ടെസ്റ്റ് ക്രിക്കറ്റിന്റെ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടാനാകുമെന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ വിരാട് കോലിക്കും ബുംറയുടെ കഴിവിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കഴിഞ്ഞ വിന്‍ഡീസ് പര്യടനവും അവസാനിച്ചതോടെ അന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. 

വിന്‍ഡീസ് പര്യടനത്തില്‍ ഹാട്രിക്കടക്കം 13 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടയില്‍ മുന്നിലും ബുംറയാണ്. മത്സരശേഷം ബുംറയെ പ്രശംസകൊണ്ട് മൂടുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. 'ലോക ക്രിക്കറ്റിലെ സമ്പൂര്‍ണനായ ബൗളര്‍' എന്നാണ് കോലി, തന്റെ പ്രിയപ്പെട്ട ബൗളറെ വിശേഷിപ്പിച്ചത്. 

'' ബുംറയുടെ ബൗളിങ്ങിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല, അവനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്'', മത്സരശേശം കോലി പറഞ്ഞു.

ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബുംറ, ഇന്ത്യയില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. 12 ടെസ്റ്റില്‍ നിന്ന് ഇപ്പോള്‍ തന്നെ ബുംറയ്ക്ക് 62 വിക്കറ്റുകളായി. ഒരു ഹാട്രിക്കടക്കം അഞ്ചു തവണ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുകയും ചെയ്തു. 

ഹര്‍ഭജന്‍ സിങ്ങിനും ഇര്‍ഫാന്‍ പഠാനും ശേഷം ടെസ്റ്റില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് ബുംറ.

Content Highlights: Not much to say, lucky to have him Virat Kohli on Jasprit Bumrah