ന്യൂഡല്‍ഹി: അടുത്തിടെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തില്‍ ബാറ്റ് വെച്ച് പുറത്താകുന്നത് സ്ഥിരം കാഴ്ചയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും കോലി പുറത്തായത് ഇത്തരത്തില്‍ തന്നെയാണ്.

ഇതോടെ 2004-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്തെടുത്ത സമീപനം കോലിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആ പരമ്പരയില്‍ ഇപ്പോള്‍ കോലിയെ പോലെതന്നെ സച്ചിനും ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തില്‍ ബാറ്റ് വെച്ച് പുറത്താകുന്നത് പതിവായിരുന്നു. ഇതോടെ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഒരു കവര്‍ ഡ്രൈവ് പോലും കളിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ കളത്തിലിറങ്ങിയ സച്ചിന്‍ അത് അക്ഷരംപ്രതി നടപ്പാക്കുകയും 241 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ക്രിക്കറ്റ് ലോകം കണ്ടതില്‍വെച്ച് ഏറ്റവും അച്ചടക്കത്തോടെയുള്ള ഇന്നിങ്‌സായിരുന്നു അത്.

ഇപ്പോഴിതാ അന്ന് സച്ചിന്റെ ഇന്നിങ്‌സിന് സാക്ഷിയായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പക്ഷേ അത്തരമൊരു സമീപനം താന്‍ കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ അല്‍പം കൂടി ക്ഷമ കാണിക്കുകയാണ് വേണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 

''കോലിക്ക് കുറച്ചുകൂടി ക്ഷമ കാണിക്കാന്‍ കഴിയും. 2004-ല്‍ സിഡ്‌നിയില്‍ സച്ചിന്‍ ഒരു ഡ്രൈവ് പോലും കളിച്ചിരുന്നില്ല, അദ്ദേഹം അത്തരത്തില്‍ പുറത്താകുന്നത് അന്ന് പതിവായിരുന്നു. കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ സച്ചിന്റെ പക്കല്‍ കൂടുതല്‍ ഷോട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ സച്ചിന്റെ വഴിയിലൂടെ പോകണമെന്ന് ഞാന്‍ പറയില്ല.'' - ചോപ്ര പറഞ്ഞു.

'''ബൗണ്‍സറുകള്‍ കളിക്കുന്നതില്‍ കോലിക്ക് കാര്യമായ പ്രശ്നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഓഫ് സ്റ്റമ്പ് എവിടെയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ബൗണ്‍സിനെ കുറച്ചുകൂടി വിശ്വസിക്കുക, അതിനാല്‍ നിങ്ങള്‍ക്ക് പന്ത് കളിക്കാതെ വിടാം. നിങ്ങള്‍ പന്തിന്റെ ലൈനില്‍ തന്നെയാകണമെന്ന് നിര്‍ബന്ധമില്ല. പന്തിന്റെ ലൈന്‍ തിരിച്ചറിയാന്‍ സാധിക്കാതിരുന്നാലും നിങ്ങള്‍ ബൗള്‍ഡാകാന്‍ പോകുന്നില്ല, കാരണം പന്ത് സ്റ്റമ്പിന് മുകളില്‍ കൂടി പോകും.'' - ചോപ്ര കൂട്ടിച്ചേര്‍ത്തു.

2003-04 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ സച്ചിന്റെ ആ ഇരട്ട സെഞ്ചുറി (241*) ഇന്നിങ്സ്. പരമ്പരയിലെ നാലാം ടെസ്റ്റിനായിരുന്നു അന്ന് സിഡ്നി വേദിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും സച്ചിന് തിളങ്ങാനായിരുന്നില്ല എന്ന് മാത്രമല്ല ഓസീസ് പേസര്‍മാരുടെ ഓഫ് സ്റ്റമ്പ് കെണിയില്‍ സച്ചിന്‍ പലപ്പോഴും വീഴുന്നതും സ്ഥിരം കാഴ്ചയായി.

ഇതോടെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് സച്ചിന്‍ ഉറപ്പിച്ചു, ഈ മത്സരത്തില്‍ താന്‍ തന്റെ പ്രിയപ്പെട്ട ഷോട്ടായ കവര്‍ ഡ്രൈവ് കളിക്കില്ല. പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കുന്ന സച്ചിനെയാണ് 2004 ജനുവരി രണ്ടു മുതല്‍ സിഡ്നിയില്‍ കണ്ടത്. ബ്രെറ്റ് ലീയും ജേസന്‍ ഗില്ലെസ്പിയും നഥാന്‍ ബ്രാക്കണും സ്റ്റുവര്‍ട്ട് മക്ഗില്ലും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേ അന്ന് പത്ത് മണിക്കൂറിലേറെ സമയം ക്രീസില്‍ നിന്നിട്ടും സച്ചിന്റെ ബാറ്റില്‍ നിന്ന് ഒരു കവര്‍ ഡ്രൈവ് പോലും പിറന്നില്ല. നേരിട്ട 436 പന്തുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തു പോയ പന്തുകളെയെല്ലാം തന്നെ സച്ചിന്‍ അര്‍ഹിച്ച ബഹുമാനത്തോടെയാണ് നേരിട്ടത്. പുള്ളുകും ഫ്ളിക്കുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും ഓണ്‍ഡ്രൈവുകളും സ്‌ക്വയര്‍ കട്ടുകളും സ്വീപ് ഷോട്ടുകളുമെല്ലാം യഥേഷ്ടം പിറന്ന ആ ഇന്നിങ്സില്‍ പക്ഷേ ഒരു കവര്‍ ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല.

Content Highlights: not expecting virat kohli to play a sachin tendulkar like SCG knock