ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20-യില്‍ നാലുറണ്‍സിന് പുറത്താകുമ്പോള്‍ ഋഷഭ് പന്ത് ആകെ തകര്‍ന്നുപോയി. ആ മുഖഭാവംകണ്ട് ആരാധകര്‍ക്ക് സങ്കടംവന്നു.
വാനോളം പ്രതീക്ഷകളോടെവന്ന യുവതാരം പിടിച്ചുനില്‍ക്കാനാവാതെ ടീമില്‍നിന്ന് പുറത്താവുമോ എന്ന ആശങ്കയുണര്‍ത്തിയാണ് പന്ത് ക്രീസില്‍നിന്ന് മടങ്ങിയത്.
ബ്യോണ്‍ ഫോര്‍ടെയ്നിന്റെ പന്ത് തീരെ അപകടകാരിയായിരുന്നില്ല. ലെഗ്സ്റ്റമ്പില്‍ ഒരു ഷോര്‍ട്ട്ബോള്‍. എങ്ങനെയും അടിച്ച് ബൗണ്ടറികടത്താമായിരുന്ന പന്ത്. ധാരാളം സമയവും. എന്നാല്‍, ഋഷഭ് ഉയര്‍ത്തിയടിച്ചത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ പിടികൂടപ്പെട്ടു.
അവിശ്വസനീയതയോടെയും അതീവ ദുഃഖത്തോടെയും ഋഷഭ് മടങ്ങി. ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഋഷഭിന് മുന്നറിയിപ്പോടെ നല്‍കിയ അവസരമാണ് പാഴാക്കപ്പെട്ടത്. ട്വന്റി 20 ലോകകപ്പിന് ടീമിനെ വാര്‍ത്തെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് മറ്റൊരു മാര്‍ഗംകൂടി ആലോചിക്കേണ്ടിവരും.
4, 40, 28, 3, 1, 0, 4, 65, 4 എന്നിങ്ങനെയാണ് ട്വന്റി 20-യില്‍ ഈ വര്‍ഷം ഋഷഭ് നേടിയ റണ്‍സ്. ഒമ്പത് ഇന്നിങ്സുകളില്‍ 21.28 ശരാശരിയോടെ 149 റണ്‍സ്. 21-കാരനായ പന്ത് പുറത്തായ രീതികളാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
ഷോട്ട് സെലക്ഷനില്‍ പന്ത് അമ്പേ പാളുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേരിട്ട രണ്ടാം പന്തില്‍തന്നെ അദ്ദേഹം റണ്ണൗട്ടാകേണ്ടതായിരുന്നു. ക്യാപ്റ്റന്‍ കോലിയെ അതിവേഗ സിംഗിളിന് ക്ഷണിച്ചു. നേരിട്ടുള്ള ത്രോ ലക്ഷ്യം കണ്ടിരുന്നെങ്കില്‍ പന്ത് വന്നവഴി മടങ്ങിയേനേ. നായകന്റെ നേതൃത്വത്തില്‍ ടീം ഉജ്ജ്വലവിജയം നേടുമ്പോള്‍, മാനസിക തകര്‍ച്ചയിലായിരുന്നു ഈ യുവതാരം.
Content Highlights: Not a good time for Rishabh Pant