ന്യൂഡല്‍ഹി: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളുടെ വേദികള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളി ബി.സി.സി.ഐ. ഇന്ത്യ - പാകിസ്താന്‍ ബന്ധം സൈനിക നീക്കത്തിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങളുടെ വേദികള്‍ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായത്.
നാലാം ഏകദിനത്തിന്റെ വേദിയായ മൊഹാലി, അഞ്ചാം ഏകദിനം നടക്കുന്ന ഡല്‍ഹി എന്നീ വേദികളാണ് മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വേദികള്‍ മാറ്റാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന രംഗത്തെത്തി. രണ്ട് ഏകദിനങ്ങളും അതത് വേദികളില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
വേദി മാറ്റുമെന്ന ചര്‍ച്ചകള്‍ വന്നതോടെ നാലാം ഏകദിനത്തിന് വേദിയാവാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടു വന്നിരുന്നു. മാര്‍ച്ച് 10-നാണ് മൊഹാലി ഏകദിനം.
അതിര്‍ത്തിയിലെ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ വരുന്ന നിയന്ത്രണങ്ങള്‍ മുന്നില്‍ കണ്ടാണ് വേദികള്‍ മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇപ്പോള്‍ ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് തന്നെ നിഷേധിച്ചിരിക്കുന്നത്.
Content Highlights: no plans to shift india vs aus odis from mohali delhi bcci