Photo: ANI
മുംബൈ: മലയാളി താരം സഞ്ജു സാംസന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായാണ് മുന്‍ താരം സുനില്‍ ഗാവസ്‌ക്കറെ ക്രിക്കറ്റ് പ്രേമികളില്‍ പലരും കാണുന്നത്. എന്നാലിപ്പോഴിതാ സഞ്ജുവിന്റെ കഴിവില്‍ സംശയമില്ലെന്നും ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗാവസ്‌ക്കര്‍.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള 17 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാവരും തന്നെ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്, പക്ഷേ നിങ്ങള്‍ അവ പരമാവധി പ്രയോജനപ്പെടുത്തണം. സഞ്ജു സാംസന്റെ കഴിവ് നമുക്കെല്ലാം അറിയാം. ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ വരുത്തുന്ന പിഴവുകളാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്നത്. ആദ്യ പന്തുതൊട്ട് തന്നെ ആക്രമിച്ച് കളിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ട്വന്റി 20-യില്‍ പോലും നിങ്ങള്‍ക്ക് നിലയുറപ്പിച്ച് കളിക്കാനുള്ള അവസരമുണ്ട്. അതിനാല്‍ തന്നെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് വേണ്ടിയായാലും ഫ്രാഞ്ചൈസിക്ക് വേണ്ടിയായാലും അവന് കൂടുതല്‍ സ്ഥിരതയോടെ കളിക്കാനാകും. അങ്ങനെ വന്നാല്‍ അപ്പോള്‍ ആരും തന്നെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യില്ല.
മത്സരത്തില്‍ ഗതി മാറ്റാനുള്ള സഞ്ജുവിന്റെ കഴിവിനെ ആരും തന്നെ ചോദ്യം ചെയ്യില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു സീസണുകളിലായി തകര്‍പ്പന്‍ പ്രകടനം തന്നെയാണ് താരം നടത്തുന്നത്. എന്നാല്‍ ഈ പ്രകടനം ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ പുറത്തെടുക്കാന്‍ പലപ്പോഴും സഞ്ജുവിന് സാധിക്കുന്നില്ല.
Content Highlights: no one can question Sanju Samson s ability to be a game-changer says Sunil Gavaskar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..