ഇസ്ലാമാബാദ്: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരാായ മത്സരം ഇന്ത്യ മനഃപൂര്‍വ്വം തോറ്റുകൊടുത്തതു തന്നെയാണെന്ന് മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ 'ഓണ്‍ ഫയര്‍' എന്ന പുസ്തകമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വിവാദത്തിന് കാരണം. ഇംഗ്ലണ്ട് കിരീടം നേടിയ 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതായിരുന്നു പുസ്തകം. ഇതില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള സ്റ്റോക്ക്‌സിന്റെ പരാമര്‍ശമാണ് വിവാദമായത്. ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായില്ലെന്നായിരുന്നു പുസ്തകത്തിലെ സ്റ്റോക്ക്‌സിന്റെ പരാമര്‍ശം.

ഇതിനു പിന്നാലെ പാകിസ്താനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മുന്‍ പാക് ബൗളര്‍ സിക്കന്തര്‍ ഭക്ത് രംഗത്തെത്തി. ഭക്തിനു പിന്നാലെ ഇതേ ആരോപണവുമായി മുന്‍ പാകിസ്താന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖും ഇതേ ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഒത്തുകളിക്കും മറ്റുമെതിരേ നടപടിയെടുക്കുന്ന ഐ.സി.സി ഒരു ടീമിനെ പുറത്താക്കാന്‍ മറ്റൊരു ടീം മനഃപൂര്‍വ്വം തോറ്റുകൊടുക്കുന്നതിനെതിരെയും നടപടിയെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റസാഖ് പറഞ്ഞു. 

പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വ്വം തോറ്റതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും റസാഖ് പറഞ്ഞു. സിക്‌സടിക്കാന്‍ സാധിക്കുന്ന കളിക്കാരന്‍ അത് ചെയ്യാതെ ഫോറുകള്‍ മാത്രം നേടുകയും പന്ത് പ്രതിരോധിച്ച് കളിക്കുന്നതും കണ്ടാല്‍ അത് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലെ അഞ്ച് ഓവറില്‍ 71 റണ്‍സ് ആയിരുന്നു ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ക്രീസിലുണ്ടായിരുന്നു ധോനിയും കേദാര്‍ ജാദവും സിംഗിളുകള്‍ നേടുന്നതിലായിരുന്നു ശ്രദ്ധിച്ചത്. ഇതോടെ അവസാന അഞ്ച് ഓവറില്‍ വെറും 39 റണ്‌സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്.

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയത്. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഒന്നു ശ്രമിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് സ്റ്റോക്ക്സ് പുസ്തകത്തില്‍ പറഞ്ഞത്. 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ധോനിയുടെ ബാറ്റിങ് ഏറെ വിചിത്രമായി തോന്നി. സിക്‌സറുകള്‍ നേടുന്നതിനേക്കാള്‍ സിംഗിളുകള്‍ക്കായാണ് അദ്ദേഹം ശ്രമിച്ചത്. ധോനിയില്‍ നിന്നോ അദ്ദേഹത്തിന്റെ പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ലെന്നും സ്റ്റോക്ക്സ് കുറിച്ചു.

മത്സരത്തിലെ രോഹിത് ശര്‍മ - വിരാട് കോലി കൂട്ടുകെട്ടിനെ കുറിച്ചും പുസ്തകത്തില്‍ സ്റ്റോക്ക്സ് സംശയം പ്രകടിപ്പിച്ചിരുന്നു. രോഹിത്തിന്റെയും കോലിയുടെ ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയതെന്നായിരുന്നു സ്റ്റോക്ക്സ് കുറിച്ചത്. ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാനുള്ള ഒരു ശ്രമവും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.

Content Highlights: No doubt India deliberately lost to England in the 2019 World Cup says Abdul Razzaq