ന്യൂഡല്‍ഹി: കോവിഡ് 19 രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ആരുമായും ഹസ്തദാനം ചെയ്യില്ല. കോവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും ഉണ്ട്.

ഇന്ത്യന്‍ താരങ്ങളുമായും മറ്റും പതിവ് ഹസ്തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഇതുവരെ നാല്‍പതിലധികം പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഹസ്തദാനം ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശമെന്നും ബൗച്ചര്‍  കൂട്ടിച്ചേര്‍ത്തു.

Content Highlights: No customary handshakes during South Africa's tour