ചെന്നൈ: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന് മുരളി വിജയ്. ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് ചീഫ് സെലക്ടറോ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളോ തന്നോട് പറഞ്ഞിട്ടില്ലെന്നും മുരളി വിജയ് വ്യക്തമാക്കി. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ 20,6,0,0 എന്നിങ്ങനെയായിരുന്നു മുരളി വിജയുടെ സ്‌കോറുകള്‍. ഇതോടെ മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. അവസാന രണ്ട് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴും മുരളി വിജയ് ഇടം നേടിയില്ല. പിന്നീട് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച മുരളി വിജയ് എസെക്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ടീം സെലക്ഷന്‍ സംബന്ധിച്ച് ഓരോ താരങ്ങള്‍ക്കും വ്യത്യസ്ത അളവുകോലുകളാണെന്ന ഹര്‍ഭജന്‍ സിങ്ങിന്റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും വിജയ് പറഞ്ഞു. ടീമില്‍ നിന്ന് പുറത്താക്കുമ്പോള്‍ എന്തുകൊണ്ട് അയാളെ പുറത്താക്കുന്നുവെന്ന് വിശദീകരിക്കേണ്ട ബാധ്യത ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കുമുണ്ട്. സെലക്ടര്‍മാര്‍ക്കും ടീം മീനേജ്‌മെന്റിനും മുമ്പില്‍ ആ കളിക്കാരന്‍ എവിടെ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഇതുപകരിക്കും. എന്നാല്‍ മാത്രമേ പ്രകടനം മെച്ചപ്പെടുത്താന്‍ ആ കളിക്കാരന് കഴിയൂ- വിജയ് ചൂണ്ടിക്കാട്ടുന്നു. 

ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. അടുത്ത മാസമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. 

Content Highlights: No communication from selectors after being dropped in England says Murali Vijay