ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിന് വിജയം. 27 റണ്‍സിനാണ് കിവീസ് ബംഗ്ലാദേശിനെ കീഴടക്കിയത്. സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചിന് 161, ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 134. 

തോറ്റെങ്കിലും ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. മൂന്നു മത്സരങ്ങളില്‍ ആതിഥേയര്‍ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ന്യൂസീലന്‍ഡ് ജയം സ്വന്തമാക്കി. ബംഗ്ലാദേശിന്റെ നസും അഹമ്മദ് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരേയും ബംഗ്ലാദേശ് പരമ്പര നേടിയിരുന്നു.

അഞ്ചാം ട്വന്റി 20 യില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനായി നായകന്‍ ടോം ലാതം മികച്ച പ്രകടനം പുറത്തെടുത്തു. 37 പന്തുകളില്‍ നിന്നും രണ്ട് വീതം സിക്‌സുകളുടെയും ബൗണ്ടറികളുടെയും സഹായത്തോടെ താരം 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓപ്പണര്‍ ഫിന്‍ അലന്‍ 41 റണ്‍സെടുത്തു. ഇരുവരുടെയും മികവിലാണ് ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ 161 റണ്‍സെടുത്തത്. ബംഗ്ലാദേശിനായി ഷൊരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി. 

162 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിലേ തകര്‍ച്ച നേരിട്ടു. 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അഫീഫ് ഹൊസ്സൈന്‍ മാത്രമാണ് ബംഗ്ലാദേശില്‍ പിടിച്ചുനിന്നത്. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബംഗ്ലാ കടുവകള്‍ക്ക് എടുക്കാന്‍ സാധിച്ചത്. ന്യൂസീലന്‍ഡിനായി അജാസ് പട്ടേലും സ്‌കോട്ട് കുഗ്ലെയ്‌നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോം ലാതമാണ് മത്സരത്തിലെ താരം. 

Content Highlights: New Zealand win the final T20I by 27 runs but Bangladesh take the series 3-2