ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് സമനിലയില്‍. അവസാന ദിവസം മഴ വന്നതോടെ മത്സരം 75 ഓവറില്‍ അവസാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റിന് 28 റണ്‍സ് എന്ന നിലയിലായിരുന്ന കിവീസിന് വേണ്ടി രണ്ടാമിന്നിങ്‌സില്‍ കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറും സെഞ്ചുറി കണ്ടെത്തി. ഇരുവരും പുറത്താകാതെ 213 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍: ന്യൂസിലന്‍ഡ്- 375, 241/2, ഇംഗ്ലണ്ട്- 476.

വില്ല്യംസണ്‍ 234 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 186 പന്തില്‍ നിന്ന് റോസ് ടെയ്‌ലര്‍ 105 റണ്‍സ് അടിച്ചെടുത്തു. ന്യൂസീലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 241 റണ്‍സെടുത്ത് നില്‍ക്കെയൊണ് മഴ പെയ്തത്. പിന്നീട് കളി തുടരാനായില്ല.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 375 റണ്‍സ് നേടിയിരുന്നു. സെഞ്ചുറി അടിച്ച ടോം ലാഥമിന്റെ മികവിലായിരുന്നു ഇത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 476 റണ്‍സ് നേടി. ഇതോടെ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 101 റണ്‍സ് ലീഡ് ലഭിച്ചു. 

ഹാമില്‍ട്ടണിലെ സമനിലയോടെ പരമ്പര കിവീസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ന്യൂസീലന്‍ഡ് വിജയിച്ചിരുന്നു. ജോ റൂട്ട് കളിയിലെ താരവും നീല്‍ വാഗ്നര്‍ പരമ്പരയിലെ താരവുമായി.

Content Highlights: New Zealand vs England Test Cricket