ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കിവീസ് ബംഗ്ലാദേശിനെ തകര്‍ത്തത്. സ്‌കോര്‍: ന്യൂസീലന്‍ഡ് ആറിന് 521. ബംഗ്ലാദേശ്: 126, 278

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് വിജയം നേടിയിരുന്നു. വെറും മൂന്ന് ദിവസം കൊണ്ടാണ് കിവീസ് ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയത്. 

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കിവീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 521 റണ്‍സാണ് അടിച്ചെടുത്തത്. ഇരട്ടസെഞ്ചുറി നേടിയ ടോം ലാഥവും സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയുമാണ് കിവീസിനായി തിളങ്ങിയത്. കൂറ്റന്‍ റണ്‍സ് മറികടക്കാനായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ വെറും 126 റണ്‍സിന് ഓള്‍ ഔട്ടായി. ഫോളോ ഓണും വഴങ്ങി. ഇതോടെ ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെ വീണ്ടും ബാറ്റിങ്ങിനയച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ 278 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നേടാനായത്. 102 റണ്‍സെടുത്ത് ലിട്ടണ്‍ ദാസ് തിളങ്ങിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കിവീസിനായി രണ്ടാം ഇന്നിങ്‌സില്‍ കൈല്‍ ജാമിസണ്‍ നാല് വിക്കറ്റെടുത്തു. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ട്രെന്റ് ബോള്‍ട്ട് അഞ്ചുവിക്കറ്റെടുത്തെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാനായില്ല. 

ഇരട്ട സെഞ്ചുറി നേടിയ ടോം ലാഥമാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരമായി ഡെവോണ്‍ കോണ്‍വെയെ തിരഞ്ഞെടുത്തു. ഈ മത്സരത്തിലൂടെ ന്യൂസീലന്‍ഡിന്റെ ബാറ്റിങ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചു.

Content Highlights: New Zealand vs Bangladesh second tst result 2022