ബേയ് ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡും സന്ദര്‍ശകര്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സിന് പുറത്തായിരുന്നു. 

ബംഗ്ലാദേശിനുവേണ്ടി മഹ്മുദുള്‍ ഹസന്‍ ജോയ്, നജീമുള്‍ ഹുസൈന്‍ ഷാന്റോ, നായകന്‍ മോനിമുള്‍ ഹഖ്, ലിട്ടണ്‍ ദാസ് എന്നിവര്‍  അര്‍ധസെഞ്ചുറികളുമായി തിളങ്ങി. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി 11 റണ്‍സെടുത്ത് യാസിര്‍ അലിയും 20 റണ്‍സുമായി മെഹ്ദി ഹസനും പുറത്താവാതെ നില്‍ക്കുന്നു. 

നായകന്‍ മോനിമുള്‍ ഹഖ് 88 റണ്‍സെടുത്തപ്പോള്‍ ലിട്ടണ്‍ ദാസ് 86 റണ്‍സ് നേടി. മഹ്മുദുള്‍ ഹസന്‍ 78 റണ്‍സെടുത്തും നജീമുള്‍ ഹുസൈന്‍ 64 റണ്‍സ് നേടിയും പുറത്തായി. ഈ നാലുപേരുടെ ചെറുത്തുനില്‍പ്പ് ആതിഥേയര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 

ന്യൂസീലന്‍ഡിനുവേണ്ടി ട്രെന്റ് ബോള്‍ട്ടും നീല്‍ വാഗ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലാം ദിനം പരമാവധി റണ്‍സെടുക്കാനാകും ബംഗ്ലാദേശ് ശ്രമിക്കുക. പരമ്പരയില്‍ ആകെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 

Content Highlights: New Zealand vs Bangladesh first test day three