എബാദത് ഹുസൈന്റെ വിക്കറ്റാഘോഷം | Photo: AFP
മൗണ്ട് മാന്‍ഗാനുവി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ ദുര്‍ബലരായ ബംഗ്ലാദേശ് അട്ടിമറിക്കുമോ? ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ബുധനാഴ്ച്ചയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകര്‍.
നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. 17 റണ്‍സ് ലീഡ് മാത്രമാണ് കിവീസിനുള്ളത്. അഞ്ചാം ദിനം ആതിഥേയരെ പെട്ടെന്ന് പുറത്താക്കിയാല്‍ ബംഗ്ലാദേശിന് വിജയസാധ്യത കൂടുതലാണ്. ആദ്യ ഇന്നിങ്സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത അവര്‍ ന്യൂസീലന്‍ഡിന്റെ 328 റണ്‍സിനെതിരേ 458 റണ്‍സാണ് അടിച്ചെടുത്തത്. 130 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി.
ആദ്യ ഇന്നിങ്സില്‍ 176.2 ഓവര്‍ ബാറ്റു ചെയ്ത ബംഗ്ലാദേശ് ഒമ്പത് വര്‍ഷത്തിന് ശേഷം ന്യൂസീലന്‍ഡ് മണ്ണില്‍ ഏറ്റവും അധികം ഓവര്‍ ബാറ്റു ചെയ്യുന്ന സന്ദര്‍ശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ല്‍ 170 ഓവര്‍ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവര്‍ മറികടന്നത്. അന്ന് ആറു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
ഓപ്പണര്‍ മഹ്മൂദുല് ഹസന് ജോയ് (78), നജ്മുല്‍ ഹുസൈന് ഷാന്റോ (64), ക്യാപ്റ്റന്‍ മുഅ്മിനുല്‍ ഹഖ് (88), വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് (86), മെഹ്ദി ഹസ്സന് (47) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഒന്നാമിന്നിങ്സില്‍ ബംഗ്ലാദേശിന് ലീഡ് സമ്മാനിച്ചത്. കെയ്ല്‍ ജമെയ്സണ്, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി തുടങ്ങി ലോകോത്തര പേസ് ബൗളര്‍മാര്‍ക്കെതിരേ ആയിരുന്നു ബംഗ്ലാ ബാറ്റ്സ്മാന്മാരുടെ വീറുറ്റ പ്രകടനം. ബോള്‍ട്ട് നാലും വാഗ്നര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ദേവോണ്‍ കോണ്‍വേയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഹെന്‍ട്രി നിക്കോള്‍സും വില്‍ യങ്ങുമാണ് ന്യൂസീലന്‍ഡിന് 328 റണ്‍സ് സമ്മാനിച്ചത്. ശേഷിക്കുന്നവരെല്ലാം നിറം മങ്ങി. ശൊരിഫൂല് ഇസ്ലാമും മെഹ്ദി ഹസ്സനും ബംഗ്ലാദേശിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ 17 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത എബാദത് ഹുസൈന്റെ ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. ഓപ്പണര്‍ വില്‍ യങ് (69), ദേവോണ്‍ കോണ്‍വേ (13), ഹെന്‍ട്രി നിക്കോള്‍സ് (0), ടോം ബ്ലന്‍ഡല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് എബാദത് ഹുസൈന് വീഴ്ത്തിയത്. 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥത്തെ തസ്കിന് അഹമ്മദ് ബൗള്‍ഡാക്കി. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 37 റണ്‍സോടെ റോസ് ടെയ്ലറും ആറു റണ്‍സുമായി രചിന് രവീന്ദ്രയുമാണ് ക്രീസില്‍.
ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ കളിച്ച എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിട്ടുണ്ട്. ഈ മത്സരം സമനില ആയാല്പോലും ബംഗ്ലാദേശ് പുതിയ ചരിത്രമെഴുതും.
Content Highlights: New Zealand vs Bangladesh 1st Test Day 4
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..