ഓക്‌ലന്‍ഡ്: ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ, ഐ.പി.എല്‍. കളിക്കാനെത്തിയ താരങ്ങളെക്കുറിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന് ആശങ്ക. 

ന്യൂസീലന്‍ഡില്‍നിന്നുള്ള എട്ടുപേര്‍ ഐ.പി.എലിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, കൈല്‍ ജാമിസണ്‍, ജിമ്മി നീഷാം, ടിം സീഫര്‍ട്ട്, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍.

കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസീലന്‍ഡ് കഴിഞ്ഞദിവസം യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെത്തിയ ന്യൂസീലന്‍ഡുകാര്‍ക്കും ഇത് ബാധകമാണെന്ന് ന്യൂസീലന്‍ഡ് ഭരണകൂടം അറിയിച്ചു. 

ഇതോടെ കളിക്കാരുടെ കാര്യം ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഐ.പി.എല്‍. കഴിയുമ്പോഴേക്കും സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോര്‍ഡ്.

Content Highlights: New Zealand travel ban, cricket players, IPL2021