ഓക്ക്ലന്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. ഇതോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി.
മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. പിന്നീട് വീണ്ടും മഴപെയ്തതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസീലന്‍ഡിന്റെ ലക്ഷ്യം 16 ഓവറില്‍ 176 റണ്‍സ് ആയി ചുരുങ്ങി. ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന്റെയും മിച്ചല്‍ സാന്റ്നറുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളുടെ ബലത്തില്‍ ന്യൂസീലന്‍ഡ് 15.2 ഓവറില്‍ വിജയം സ്വന്തമാക്കി.
ടോസ് നേടി ബൗളിങ് തിരെഞ്ഞെടുത്ത ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തിയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 59 റണ്‍സിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ച നേരിട്ട വെസ്റ്റ് ഇന്‍ഡീസിനെ ഒറ്റയാള്‍ പ്രകടനത്തിലൂടെ നായകന് കീറണ്‍ പൊള്ളാര്‍ഡ് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
37 പന്തുകളില്‍ നിന്നും നാലു ഫോറുകളുടെയും എട്ട് സിക്സുകളുടെയും അകമ്പടിയില്‍ 75 റണ്‍സെടുത്ത പൊള്ളാര്‍ഡ് പുറത്താവാതെ നിന്നു. ഫാബിയന്‍ അലന് 30 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് ട്വന്റി 20 ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്ന് കാഴ്ചവച്ചു. നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി ഫെര്ഗൂസന് അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. നായകന് സൗത്തി രണ്ടുവിക്കറ്റുകള്‍ നേടി. ഫെര്‍ഗൂസനാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 63 റണ്‍സിനിടെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ട കിവീസിനെ നീഷാമും യുവതാരം ഡേവണ്‍ കോണ്‍വെയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോണ്‍വെ 29 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്തു പുറത്തായി. പിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ സാന്റ്നറെ കൂട്ടുപിടിച്ച് നീഷാം ടീമിനെ വിജയത്തിലെത്തിച്ചു. നീഷാം 24 പന്തുകളില്‍ നിന്നും 48 റണ്‍സും സാന്റ്നര്‍ 18 പന്തുകളില്‍ നിന്നും 31 റണ്‍സും നേടി പുറത്താവാതെ നിന്നു.
Content Highlights: New Zealand thrash West Indies by 5 wickets