Photo: www.nzc.nz
വെല്ലിങ്ടണ്‍: പുരുഷ - വനിതാ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം സംബന്ധിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷത്തെ പ്രത്യേക ഉടമ്പടിയില്‍ ഒപ്പിട്ടു. ഇതോടെ ന്യൂസീലന്‍ഡില്‍ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ ഈ കരാര്‍ നിലവില്‍ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണല്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങള്‍ക്കും ലഭ്യമാകും.
തങ്ങളുടെ കായികരംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.
ഈ ഉടമ്പടി നിലവില്‍വരുന്നതോടെ ആഭ്യന്തര തലത്തില്‍ വനിതാ താരങ്ങളുടെ കരാറുകള്‍ 54-ല്‍ നിന്ന് 72 ആയി ഉയരും.
നിലവില്‍ ടെസ്റ്റില്‍ 10,250 ഡോളര്‍, ഏകദിനത്തില്‍ 4,000 ഡോളര്‍, ട്വന്റി 20-യില്‍ 2,500 ഡോളര്‍ എന്നിങ്ങനെയാണ് പുരുഷ താരങ്ങളുടെ വേതനം. കരാര്‍ നിലവില്‍ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങള്‍ക്കും ലഭിക്കും.
എന്നാല്‍ ഇന്ത്യയുടെ കാര്യമെടുത്താന്‍ പുരുഷ - വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന വേതനം തമ്മിലുള്ള അന്തരം വളരെ വലുതാണ്. ബിസിസിഐയുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എ പ്ലസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷ താരത്തിന് ഏഴു കോടി രൂപ ലഭിക്കുമ്പോള്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എ വിഭാഗത്തിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നത് വെറും 50 ലക്ഷം മാത്രമാണ്.
ബിസിസിഐയുടെ പുരുഷ താരങ്ങളുടെ കരാറുകള്‍: എ പ്ലസ് - 7 കോടി, എ - 5 കോടി, ബി - 3 കോടി, സി - 1 കോടി.
വനിതാ വിഭാഗത്തിലെ കരാറുകള്‍: എ - 50 ലക്ഷം, ബി - 30 ലക്ഷം, സി - 10 ലക്ഷം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..