വെല്ലിങ്ടണ്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരി ന്യൂസീലന്‍ഡ്. ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് ന്യൂസീലന്‍ഡ് പാകിസ്താനെ തകര്‍ത്തത്. ഇതോടെ രണ്ടുമത്സരങ്ങളടങ്ങിയ പരമ്പര ന്യൂസീലന്‍ഡ് 2-0 ത്തിന് സ്വന്തമാക്കി. 

രണ്ട് ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസീലന്‍ഡ് ബൗളര്‍ കൈല്‍ ജാമിസണാണ് മത്സരത്തിലെ താരം. പരമ്പരയിലൂടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പരമ്പരയുടെ താരം.

ഒന്നാം ഇന്നിങ്‌സില്‍ 362 റണ്‍സിന്റെ ലീഡ് നേടിയ ന്യൂസീലന്‍ഡിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പാകിസ്താൻ വെറും 186 റണ്‍സിന് പുറത്താകുകയായിരുന്നു. 37 റണ്‍സെടുത്ത സഫര്‍ ഗോഹര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ന്യൂസീലന്‍ഡിനായി ജാമിസണ്‍ ആറുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്നുവിക്കറ്റുകള്‍ നേടി. നായകന്‍ കെയ്ന്‍ വില്യംസണിനാണ് ശേഷിച്ച വിക്കറ്റ്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് മികവില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഈ വിജയത്തോടെ ന്യൂസീലന്‍ഡ് ചരിത്രത്തിലാദ്യമായി ഐ.സി.സി ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ ടീമാണ് ന്യൂസിലന്‍ഡ്. 118 പോയന്റാണ് നിലവില്‍ ന്യൂസീലന്‍ഡിനുളളത്. 116 പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. 

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ടീം മുന്നേറ്റമുണ്ടാക്കി. നിലവിൽ മൂന്നാം സ്ഥാനത്താണ് ന്യൂസീലൻഡ്

Content Highlights: New Zealand decimating Pakistan by an innings and 176 runs