മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തില്‍നിന്ന് ഓസ്‌ട്രേലിയന്‍ ടീം പിന്മാറി. കോവിഡ് രൂക്ഷമായ രാജ്യത്തേക്ക് പോകുന്നതിലെ അപകടസാധ്യത ഏറ്റെടുക്കാനാകാത്തതുകൊണ്ടാണ് പിന്മാറ്റമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെ, ന്യൂസീലന്‍ഡ് പ്രഥമ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി അടുത്തമാസമാണ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു ടെസ്റ്റുകള്‍ നടക്കേണ്ടിയിരുന്നത്.

എന്നാല്‍, 15 ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 44,000ത്തിലേറെ ആളുകള്‍ മരിക്കുകയുംചെയ്ത ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത് അപകടമാണെന്ന് ഓസ്‌ട്രേലിയന്‍ ടീം വ്യക്തമാക്കി. പിന്മാറിയതിനാല്‍ പോയന്റ് പങ്കിടില്ല. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനുള്ള ഓസ്‌ട്രേലിയയുടെ സാധ്യത ഏറക്കുറെ അവസാനിച്ചു.

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ശതമാനത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍ (71.7 ശതമാനം). തുടര്‍ന്ന് ന്യൂസീലന്‍ഡ് (70), ഓസ്‌ട്രേലിയ (69.2), ഇംഗ്ലണ്ട് (68.7) ടീമുകളും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് ഫൈനല്‍ സാധ്യതയുണ്ടായിരുന്നു. ന്യൂസീലന്‍ഡിന് പ്രാഥമികറൗണ്ടില്‍ ഇനി മത്സരമില്ലാത്തതുകൊണ്ട് അവര്‍ രണ്ടാംസ്ഥാനം ഉറപ്പിച്ച് ഫൈനലിലെത്തി. വെള്ളിയാഴ്ച തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീമിനെ നിര്‍ണയിക്കുക. ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍.

ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്ക്കാണ്. ഇംഗ്ലണ്ടിനെതിരേ 4-0, 3-0, 3-1, 2-0, 2-1 എന്നീ മാര്‍ജിനുകളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യ കിരീടപോരാട്ടത്തിന് യോഗ്യതനേടും. എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ 4-0, 3-0, 3-1 എന്നീ മാര്‍ജിനില്‍ ജയിച്ചാല്‍ ഇംഗ്ലണ്ട് ഫൈനലിലെത്തും. ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയില്‍ അവസാനിച്ചാല്‍ മാത്രമേ അവസരം തെളിയൂ.

Content Highlights: New Zealand become the first cricket team to enter in ICC test championship