ദുബായ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി ന്യൂസീലന്‍ഡ് ടീം. ഇംഗ്ലണ്ടിനെ മറികടന്ന് കിവീസ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി. 

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ കരുത്തിലാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 121 പോയന്റാണ് ന്യൂസീലന്‍ഡിനുള്ളത്. നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരും ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിന് സ്ഥാനം നഷ്ടപ്പെട്ടു. 

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തോല്‍വി വഴങ്ങിയതോടെയാണ് ഇംഗ്ലണ്ട് അടിപതറിയത്. ഇംഗ്ലണ്ടിനെ മറികടന്ന് ഓസ്‌ട്രേലിയ രണ്ടാം റാങ്കിലെത്തി. 118 പോയന്റാണ് ഓസിസിനുള്ളത്. 115 പോയന്റുമായി ഇംഗ്ലണ്ടും ഇന്ത്യയും മൂന്നാം സ്ഥാനത്തായി. ഇതിനുമുന്‍പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

ലോകകപ്പ് നേടിയതിനുശേഷം തുടര്‍ച്ചയായി ഏകദിനത്തില്‍ ഒന്നാം സ്ഥാനത്ത് നിലനിന്ന ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരേയും 2-1 ന് പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തി.  

എന്നാല്‍ ട്വന്റി 20 റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഇപ്പോഴും ഒന്നാം റാങ്കില്‍. ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തും തുടരുന്നു.

Content Highlights: New Zealand become number one ranked ODI team