Photo: twitter.com/ICC
ഓക്ക്‌ലന്‍ഡ്: ശ്രീലങ്കയെ നാണംകെടുത്തി ന്യൂസീലന്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് 198 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 76 റണ്‍സിന് ഓള്‍ ഔട്ടായി. ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണിത്. സ്‌കോര്‍: ന്യൂസീലന്‍ഡ് 49.3 ഓവറില്‍ 274-ന് പുറത്ത്, ശ്രീലങ്ക 19.5 ഓവറില്‍ 76-ന് പുറത്ത്.
ന്യൂസീലന്‍ഡിനെതിരേ ശ്രീലങ്ക നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. മാത്രമല്ല ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ ടോട്ടല്‍ കൂടിയാണിത്. ഏകദിനത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി. ഈ പരമ്പര 3-0 ന് തൂത്തുവാരിയാല്‍ ന്യൂസീലന്‍ഡിന് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താം.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനകയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പാളി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കിവീസ് നന്നായി ബാറ്റുവീശാനാരംഭിച്ചു. 51 റണ്‍സെടുത്ത ഓപ്പണര്‍ ഫിന്‍ അലനും 49 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയുമാണ് ആതിഥേയര്‍ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
47 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 39 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 26 റണ്‍സെടുത്ത വില്‍ യങ് എന്നിവരും നന്നായി ബാറ്റുവീശി. ശ്രീലങ്കയ്ക്ക് വേണ്ട് ചമിക കരുണരത്‌നെ നാല് വിക്കറ്റെടുത്തപ്പോള്‍ കസുന്‍ രജിതയും ലാഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
എന്നാല്‍, വലിയൊരു ദുരന്തമാണ് മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ കാത്തിരുന്നത്. ഹെന്റി ഷിപ്പ്‌ലി എന്ന യുവ പേസ് ബൗളറുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. 18 റണ്‍സെടുത്ത ആഞ്ജലോ മാത്യൂസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ട് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല.
ന്യൂസീലന്‍ഡിനായി ഷിപ്പ്‌ലി ഏഴോവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ഡാരില്‍ മിച്ചലും ബ്ലെയര്‍ ടിക്ക്‌നറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഈ തോല്‍വിയോടെ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. നിലവില്‍ സൂപ്പര്‍ ലീഗ് പോയന്റ് പട്ടികയില്‍ ശ്രീലങ്ക പത്താമതാണ്. സൂപ്പര്‍ ലീഗില്‍ ആദ്യത്തെ എട്ട് ടീമുകളാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് നേരിട്ടുള്ള യോഗ്യത നഷ്ടമാകും.
Content Highlights: new zealand beat sri lanka by 189 runs in first odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..