Photo: ANI
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2021-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ന്യൂസീലന്‍ഡ് താരമാണ് മിച്ചല്‍. ഇതിനുമുന്‍പ് ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.
2021 ട്വന്റി 20 ലോകകപ്പിനിടെ മിച്ചലിന്റെ മികച്ച തീരുമാനമാണ് ഈ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ആവേശകരമായ മത്സരത്തില്‍ അവസാന ഓവറുകളിലേക്ക് കളി കടുക്കുന്ന സമയത്താണ് മിച്ചല്‍ മാന്യതയുടെ പ്രതിരൂപമായത്.
ആദില്‍ റഷീദ് ചെയ്ത 18-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം അരങ്ങേറിയത്. ന്യൂസീലന്‍ഡിന്റെ ജിമ്മി നീഷാമാണ് പന്ത് സ്‌ട്രൈക്ക് ചെയ്തത്. ഓരോ പന്തും വളരെ നിര്‍ണായകമായ ഓവറിലെ ആദ്യ പന്തില്‍ നീഷാം സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഇത് തടയാനായി ആദില്‍ റഷീദ് ഓടിയെത്തിയത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള മിച്ചലിന്റെ ദേഹത്താണ്.
മിച്ചലുമായി കൂട്ടിയിടിച്ച റഷീദിന് പന്ത് കൈയിലാക്കാനായില്ല. എന്നാല്‍ ഇതുകണ്ട മിച്ചല്‍ സിംഗിള്‍ എടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചു. താരത്തിന്റെ ഈ തീരുമാനം വലിയ കൈയടിയോടെ ആരാധകര്‍ സ്വീകരിച്ചു. മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുകയും ചെയ്തു. ആ മത്സരത്തില്‍ 47 പന്തുകളില്‍ നിന്ന് പുറത്താവാതെ 72 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. മിച്ചലായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയനായകന്‍.
Content Highlights: New Zealand All-Rounder Daryl Mitchell Gets ICC Spirit Of Cricket Award For 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..