ജയ്പുര്‍: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ, സീനിയര്‍ ടീമിന്റെ പരിശീലകനായി മറ്റൊരു കരിയറിന് തുടക്കമിടാന്‍ രാഹുല്‍ ദ്രാവിഡ്, ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയില്‍നിന്നേറ്റ തോല്‍വിയില്‍നിന്ന് രക്ഷനേടാന്‍ ന്യൂസീലന്‍ഡ്.

ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകുമ്പോള്‍ അത് എല്ലാ അര്‍ഥത്തിലും പുതിയ ഇന്നിങ്സാണ്. ന്യൂസീലന്‍ഡിനെ നയിക്കുന്നത് ടിം സൗത്തിയാണെന്ന പ്രത്യേകതയുമുണ്ട്. മത്സരം രാത്രി ഏഴുമുതല്‍ ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍.

അടുത്തവര്‍ഷം വീണ്ടും ട്വന്റി 20 ലോകകപ്പുണ്ട്. ഇരു ടീമുകള്‍ക്കും അവിടേക്കുള്ള തുടക്കംകൂടിയാണിത്. അത് മുന്നില്‍ക്കണ്ട്, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഒരുസംഘം യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അവര്‍ക്ക് വഴികാട്ടാന്‍ നായകന്‍ രോഹിത് ശര്‍മയും. വിരാട് കോലിയുടെ അഭാവത്തില്‍ പലതവണ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി 20-യില്‍ സ്ഥിരം നായകസ്ഥാനം കിട്ടിയശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പരകൂടിയാണിത്.

കളിക്കാരനായും ജൂനിയര്‍ ടീം കോച്ചായും ഏറെ നേട്ടമുണ്ടാക്കിയ രാഹുല്‍ ദ്രാവിഡ് ദീര്‍ഘകാലത്തേക്കുള്ള ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇക്കഴിഞ്ഞ ഐ.പി.എലില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍, മുന്‍നിര ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്, പേസ് ബൗളര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ ടീമിലെത്തി. പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇതേ റോളില്‍ വെങ്കിടേഷ് അയ്യര്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങ്ങില്‍ സ്ഥാനം ഉറപ്പിക്കാന്‍ കാത്തിരിക്കുന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ കളിക്കാത്ത സാഹചര്യത്തില്‍ മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍ എന്നിവരും അവസരം കാത്തിരിക്കുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇടംകൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ഇലവനില്‍ ഉണ്ടാകും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ദീര്‍ഘകാലത്തേക്കുള്ള ടീമിനെ ഒരുക്കിയെടുക്കണം. ഇപ്പോള്‍ മത്സരങ്ങള്‍ തോല്‍ക്കാനുമാകില്ല. വിജയിച്ചുകൊണ്ടിരിക്കുക, അതിനൊപ്പം പുതിയടീമിനെ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്.

Content Highlights: new look indian team host weary new zealand