ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം വന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം അനിശ്ചിതത്വത്തിലാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 17-നാണ് തുടങ്ങുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. പരമ്പരയില്‍ മൂന്നു ടെസ്റ്റും മൂന്ന് ഏകദിനവും നാല് ട്വന്റി 20 മത്സരങ്ങളുമുണ്ട്.

അതേസമയം, ഇന്ത്യയുടെ എ ടീം നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. സീനിയര്‍ ടീമിന്റെ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ടീം മൂന്നു അനൗദ്യോഗിക ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കളിക്കുന്നത്. ഇതില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ, ഇവിടെനിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീന്‍ വ്യവസ്ഥകളും മാറും. കുറച്ചുദിവസങ്ങള്‍ക്കുശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) ഭാരവാഹി അറിയിച്ചു.

Content Highlights: New Covid-19 variant casts shadow over India’s South Africa tour