കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമൊന്നാകെ പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ കഴിയുകയാണ്. വൈറസ് വ്യാപിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ നിരത്തുകള്‍ വിജനമായി. കടകളെല്ലാം അടച്ചുപൂട്ടി. കൊല്‍ക്കത്തയിലെ തെരുവുകളിലും ഇതുതന്നെയാണ് അവസ്ഥ.

ഇതുപോലെ വിജനമായ കൊല്‍ക്കത്തയെ കാണേണ്ടിവരുമെന്ന് കരുതിയില്ലെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറയുന്നു. കൊല്‍ക്കത്തയിലെ തെരുവുകളുടെ ചിത്രം ട്വീറ്റ് ചെയ്താണ് ഗാംഗുലിയുടെ പ്രതികരണം.

'എന്റെ നാടിനെ ഇതുപോലെ കാണേണ്ടിവരുമെന്ന് കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക. എല്ലാം പഴയതുപോലെയാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാവരോടും സ്‌നേഹം അറിയിക്കുന്നു.' ഗാംഗുലി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ലോകത്തെ കായികമത്സരങ്ങളെല്ലാം മാറ്റിവെയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. മാര്‍ച്ച് 29-ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്ക് മാറ്റിയിരുന്നു.

content highlights: Never thought would see my city like this tweets saurav ganguly