ബെംഗളൂരു: പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) വിസമ്മതിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെ അസ്വസ്ഥമാക്കുന്ന വിവാദമായി വളരുന്നു. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും എന്‍.സി.എ. ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പൊതുവികാരം. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാരായ ഇരുവരും ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗാംഗുലി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പരിക്കേറ്റശേഷം എന്‍.സി.എയുമായി ബന്ധപ്പെടാന്‍ ബുംറ തയ്യാറാകാത്തതിനാലാണ്, ഫിറ്റ്നസ് ടെസ്റ്റിന് എന്‍.സി.എ. വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ താരങ്ങള്‍ എന്‍.സി.എ.യിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദേശം. അക്കാദമി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ ദേശീയടീമിലേക്ക് തിരിച്ചെത്താനാവൂ.

എന്‍.സി.എ.യോട് ഇന്ത്യയിലെ മുന്‍നിര ക്രിക്കറ്റര്‍മാര്‍ക്കുള്ള അകല്‍ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ, ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് കണ്ടുപിടിക്കാന്‍ എന്‍.സി.എ.യ്ക്ക് കഴിയാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങള്‍ക്കുമുമ്പ് പൃഥ്വി ഷാ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതും ഇവിടെയാണ്.

എന്‍.സി.എ.യുടെ ന്യായങ്ങള്‍

ബുംറയുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താന്‍ എന്‍.സി.എ. ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡിന് ഒരു വൈമനസ്യവുമില്ലെന്ന് അക്കാദമിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. കഴിഞ്ഞ നാലുമാസമായി ബുംറ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം മറ്റേതോ കേന്ദ്രത്തെയാണ് ആശ്രയിച്ചത്. അവിടെ എന്തൊക്കെ സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. പരിക്കിന്റെ സ്വഭാവവും നിശ്ചയമില്ല. ഒരു സുപ്രഭാതത്തില്‍വന്ന് ഫിറ്റ്നെസ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാല്‍ സാധിക്കുമോ? അതുകൊണ്ടാണ്, എവിടെയാണോ ചികിത്സിച്ചത് അവിടേക്ക് പോകാന്‍ പറഞ്ഞത്. അക്കാദമിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്.

ബുംറയുടെ വാദങ്ങള്‍

പരിക്കിനുശേഷം ബുംറ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുത്തെന്ന ആരോപണം ശരിയല്ലെന്ന് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ബന്ധപ്പെട്ട ആളുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ബുംറ ചെയ്തത്. വിദഗ്ധഡോക്ടര്‍മാരെ കാണുന്നതിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. ഒക്ടോബറില്‍ തിരിച്ചെത്തി. വിശാഖപട്ടണത്ത് നെറ്റ്സില്‍ പന്തെറിയാന്‍ എത്തണമെന്ന് നിര്‍ദേശം കിട്ടി. അതനുസരിച്ചു. അവിടെനിന്ന് ബെംഗളൂരുവിലെ എന്‍.സി.എ.യില്‍ എത്താന്‍ പറഞ്ഞു. എന്നാല്‍, അവിടെയെത്തിയപ്പോള്‍ അവര്‍ ടെസ്റ്റിന് വിസമ്മതിച്ചു. മുംബൈയിലേക്ക് തിരിച്ചയച്ചു.

Content Highlights: NCA refuses to conduct Jasprit Bumrah's fitness test Sourav Ganguly Rahul Dravid