ഫ്ളോറിഡ: അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെ യുവ പേസ് ബൗളര്‍ നവ്ദീപ് സെയ്നിക്ക് തിരിച്ചടി.
വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ എതിര് ടീം താരത്തോട് അതിരുവിട്ട് പെരുമാറിയ സെയ്നിക്ക് ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാരണത്താല്‍ ഒരു ഡീമെറിറ്റ് പോയന്റ് വിധിച്ചു. മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്നിക്ക് ഡീമെറിറ്റ് പോയന്റ് വിധിച്ചത്. സെയ്നി തെറ്റ് അംഗീകരിച്ചതിനാല്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജെഫ് ക്രോ തീരുമാനിക്കുകയായിരുന്നു.
ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും.
ഇന്ത്യ വിജയിച്ച ആദ്യ ട്വന്റി 20 മത്സരത്തില്‍ നിക്കോളാസ് പുരനെ പുറത്താക്കിയ ശേഷമുള്ള വികാരപ്രകടനമാണ് സെയ്നിക്ക് വിനയായത്. മത്സരത്തിന്റെ അഞ്ചാം ഓവറിലെ നാലാമത്തെ പന്തില്‍ പുരന് സെയ്നിയുടെ ബൗളിങില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ വിന്‍ഡീസ് താരത്തെ കളിയാക്കുന്ന തരത്തിലാണ് സെയ്നി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
അതേസമയം മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത സെയ്നി മികച്ച പ്രകടനം നടത്തിയിരുന്നു.
Content Highlights: Navdeep Saini Handed One Demerit Point For Breaching ICC Code Of Conduct
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..