കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിനിടെ അനുവാദമില്ലാതെ പ്രവേശിച്ചതിന് ബംഗാള്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ദേശീയ സെലക്ടര്‍ ദേവാങ് ഗാന്ധിയെ പുറത്താക്കി. ബംഗാള്‍- ആന്ധ്ര മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍.

കിഴക്കന്‍ മേഖലയുടെ പ്രതിനിധിയായ ദേവാങ്ങിനെ ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ സമിതി ഓഫീസര്‍ സൗമര്‍ കര്‍മാക്കറാണ് പുറത്താക്കിയത്. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാത്രമാണ് ഡ്രസ്സിങ് റൂമില്‍ പ്രവേശനം.  ബംഗാളിന്റെ മുതിര്‍ന്ന താരം മനോജ് തിവാരിയാണ് ദേവാങ് ഡ്രസ്സിങ് റൂമില്‍ പ്രവേശിച്ചത്‌ ചോദ്യം ചെയ്തത്. 

എന്നാല്‍, ഡ്രസ്സിങ് റൂമില്‍ പ്രവേശിച്ചിട്ടില്ലെന്നും ബംഗാളിന്റെ ഫിസിയോയെ കാണാന്‍ മെഡിക്കല്‍ റൂം വരെയേ പോയിട്ടുള്ളുവെന്നുമാണ് ദേവാങ്ങിന്റെ വിശദീകരണം. 

Content Highlights: National selector ejected from Bengal dressing room