കൊളംബോ: കായിക മത്സരങ്ങളെല്ലാം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ചൊല്ലുന്നത് പതിവാണ്. ക്രിക്കറ്റും പിന്തുടരുന്നത് അതു തന്നെയാണ്. എന്നാല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളില്‍ ദേശീയ ഗാനമുണ്ടാവില്ല.
അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ധാംബുള്ളയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെയും ലങ്കയുടെയും ദേശീയ ഗാനത്തിന് ശേഷമായിരുന്നു ആ ഏകദിനം തുടങ്ങിയതും.
എന്നാല്‍ ഇനി ബാക്കിയുള്ള നാല് മത്സരങ്ങളില്‍ ദേശീയ ഗാനമുണ്ടാവില്ല. ടെസ്റ്റ്, ടിട്വന്റി, ഏകദിന പരമ്പരകള്‍ തുടങ്ങുമ്പോള്‍ ഓരോന്നിലെയും ആദ്യ മത്സരത്തില്‍ മാത്രമേ ദേശീയ ഗാനം ചൊല്ലാവൂ എന്നതാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയം. ഇക്കാര്യം ടീം മീഡിയ മാനേജര്‍ ദിനേശ് രത്നസിംഗം വ്യക്തമാക്കുകയും ചെയ്തു.
ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നിരുന്നു. എന്നാല്‍ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിലും കാന്‍ഡിയിലെ മൂന്നാം ടെസ്റ്റിലും ദേശീയ ഗാനമുണ്ടായിരുന്നില്ല. ഇനി സെപ്തംബര്‍ ആറിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടിട്വന്റിയിലേ ദേശീയ ഗാനമുണ്ടാവൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..