ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയത്തിന്റെ മാറ്റുകുറച്ച് നാണക്കേടും വിവാദവും. ഡേവിഡ് വാര്‍ണറും ഡി കോക്കിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മറ്റൊരു താരം കൂടി ഓസീസിന് തലവേദന ഉണ്ടാക്കിയിരിക്കുകയാണ്. നഥാന്‍ ലിയോണ്‍ ആണ് ആ താരം. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ നെഞ്ചില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് ലിയോണ്‍ ഓസ്‌ട്രേലിയക്ക് നാണക്കേടുണ്ടാക്കിയത്. 

ലിയോണിനെതിരെ ഐ.സി.സി അച്ചടക്കനടപടി സ്വീകരിച്ചു. ഐ.സി.സിയുടെ താരങ്ങളുടെ പെരുമാറ്റചട്ട പ്രകാരം ലെവല്‍ ഒന്ന് കുറ്റമാണ് ലിയോണിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഡിവില്ലിയേഴ്‌സിനോട് മാപ്പ് പറഞ്ഞ ലിയോണ്‍ 50 ശതമാനം മാച്ച് ഫീ നല്‍കേണ്ടി വരും. 

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സംഭവം. ഓസീസുയര്‍ത്തിയ 417 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ഹാഷിം അംലയെ നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സിലായിരുന്നു പിന്നീട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ തന്നെ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായി.

ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് ഡിവില്ലിയേഴ്‌സിനെ റണ്ണൗട്ടാക്കിയത്. 12-ാം ഓവറില്‍ ഡിവില്ലിയേഴ്‌സും മാര്‍ക്രവും തമ്മിലുള്ള ആശയക്കുഴപ്പം വാര്‍ണര്‍ മുതലെടുക്കുകയായിരുന്നു. പന്ത് വേഗത്തില്‍ കൈപ്പിടിയിലൊതുക്കിയ വാര്‍ണര്‍ അത് ലിയോണിന് കൈമാറി. ഡിവില്ലിയേഴ്‌സ്  ക്രീസിലെത്തും മുന്നേ ലിയോണ്‍ ബെയ്ല്‍ ഇളക്കി. തുടര്‍ന്ന് ക്രീസില്‍ വീണുകിടക്കുകയായിരുന്ന ഡിവില്ലിയേഴ്‌സിന്റെ നെഞ്ചിലേക്ക് പന്തെറിഞ്ഞ് ലിയോണ്‍ വിജയാഘോഷത്തിനായി സഹതാരങ്ങള്‍ക്കിടയിലേക്ക് ഓടുകയായിരുന്നു.

Content Highlights: Nathan Lyon Charged by ICC for Throwing Ball at AB de Villiers