മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരം നഥാന്‍ ലിയോണ്‍ നല്ലൊരു ഓഫ് സ്പിന്നര്‍ മാത്രമല്ല, ഒരു മികച്ച ഫീല്‍ഡര്‍ കൂടിയാണ്. അദ്ഭുതപ്പെടുത്തുന്ന ക്യാച്ചുകള്‍ കൊണ്ട് ആരാധകരെ ആവേശത്തിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ല ലിയോണ്‍. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്കിടെയും ലിയോണ്‍ അത്തരമൊരു ക്യാച്ചെടുത്തു.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ 12-ാം ഓവറിലാണ് സംഭവം. മാര്‍ക്ക് സ്‌റ്റോണ്‍മാനെ പുറത്താക്കാന്‍ സ്വന്തം പന്തില്‍ തന്നെ ക്യാച്ചെടുത്താണ് ലിയോണ്‍ ആരാധകരെ ഞെട്ടിച്ചത്. വായുവില്‍ പറന്ന് പന്ത് വലങ്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കുകയായിരുന്നു ലിയോണ്‍.  

നേരത്തെ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മോയിന്‍ അലിയെ പുറത്താക്കാന്‍ ഇതിലും മനോഹരമായൊരു ക്യാച്ചെടുത്തിരുന്നു ലിയോണ്‍. പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിടാനുള്ള മോയിന്‍ അലിയുടെ ശ്രമം ബാറ്റിന്റെ എഡ്ജില്‍ തട്ടി ലിയോണിനെ നേരെ വരികയായിരുന്നു.

ഒരു മുഴുനീളെ ഡൈവിലൂടെ ഇടങ്കൈ കൊണ്ടാണ് അന്ന് ലിയോണ്‍ ക്യാച്ച് പറന്ന് പിടിച്ചത്. ക്രിക്കറ്റിലെ മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ എല്ലാവരും വിലയിരുത്തിയത്.