തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീം ജയത്തിനരികെ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരേ 40 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഒരു ദിവസത്തെ കളി കൂടി ശേഷിക്കുന്നുണ്ട്.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 164 റണ്‍സിനെതിരേ 303 റണ്‍സാണ് ഇന്ത്യ നേടിയത്. 139 റണ്‍സിന്റെ ലീഡില്‍ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 55 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്താണ് നില്‍ക്കുന്നത്. അഞ്ചു റണ്ണുമായി ലുതോ സിപാംലയും റണ്ണൊന്നുമെടുക്കാതെ എന്‍ഗിഡിയുമാണ് ക്രീസില്‍.

104 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഹെൻ​റിക്ക് ക്ലാസ്സനാണ് ടോപ് സ്‌കോറര്‍. മുള്‍ഡര്‍ 46 റണ്‍സെടുത്ത് റണ്ണൗട്ടായി. സുബൈര്‍ ഹംസ 44 ഉം സോണ്ടോ പത്തും റണ്‍സാണ് നേടിയത്. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യയ്ക്കുവേണ്ടി ഷഹ്ബാസ് നദീം മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ 164 റണ്‍സെന്ന ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനെതിരേ ഇന്ത്യയെ മുന്നൂറ് കടത്തിയത് ശുഭ്മാന്‍ ഗില്ലും കേരളത്തിന്റെ രഞ്ജി താരം ജലജ് സക്‌സേനയുമാണ്. ഗില്‍ 153 പന്തില്‍ നിന്ന് തൊണ്ണൂറും ജലജ് 96 പന്തില്‍ നിന്ന് പുറത്താകാതെ 61 ഉം റണ്‍സെടുത്തു. വാലറ്റത്ത് ശാര്‍ദ്ധുല്‍ താക്കൂര്‍ നേടിയ 34 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

Content Highlights: Nadeem Saxena India A South Africa A Unofficial Test