ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പര്യടനം മനസില്‍ വെച്ചുകൊണ്ടാകും വരുന്ന ഐ.പി.എല്‍ സീസണിനായി പരിശീലനം നടത്തുകയെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍.

കഴിഞ്ഞ രണ്ടു വര്‍ഷമായി പരിക്കുകള്‍ കാരണം ദേശീയ ടീമിന് പുറത്തായിരുന്ന ഭുവി ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 

ഇനി ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 

റെഡ്‌ബോള്‍ ക്രിക്കറ്റിലേക്കുള്ള തീരിച്ചുവരവിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് മനസില്‍ വെച്ചുകൊണ്ടാകും ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയെന്നും ഭുവി പറഞ്ഞു. 

''റെഡ്‌ബോള്‍ ക്രിക്കറ്റ് മനസില്‍ വെച്ചാകും ഞാന്‍ ഐ.പി.എല്ലിലെ എന്റെ ജോലിഭാരത്തിന്റെ കാര്യം തീരുമാനിക്കുക. കാരണം ടെസ്റ്റ് ക്രിക്കറ്റിനാണ് എപ്പോഴും എന്റെ മുന്‍ഗണന, നിരവധി ടെസ്റ്റുകള്‍ ഇനി വരാനുമുണ്ട്. അതിനാല്‍ തന്നെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും.'' - ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനു ശേഷം നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍.

Content Highlights: my workload management during ipl would keep England tests in mind says Bhuvneshwar Kumar