മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനെന്നാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അറിയപ്പെടുന്നത്. ക്രിക്കറ്റില്‍ അര്‍ജുന്‍ ചെറിയ നേട്ടങ്ങളുണ്ടാക്കുമ്പോഴേക്കും ആരാധകര്‍ സച്ചിനുമായി താരതമ്യം ചെയ്യും. പേസ് ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അര്‍ജുന്‍ ഇംഗ്ലണ്ടില്‍ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. മുംബൈ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലൂടെ തന്റെ ക്രിക്കറ്റ് കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് അര്‍ജുന്‍. 

എന്നാല്‍ ഏതൊരു അച്ഛനേയും പോലെ മകന്റെ ഭാവിയെക്കുറിച്ച് സച്ചിന്‍ ആകുലനാണ്. മാധ്യമങ്ങള്‍ തുടര്‍ച്ചയായി പിന്തുടരുന്നത് അര്‍ജുനില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. സ്വന്തം വഴി തീരുമാനിക്കാന്‍ എന്റെ അച്ഛന്‍ എനിക്ക് നല്‍കി സ്വാതന്ത്ര്യം അര്‍ജുനും നല്‍കിയിട്ടുണ്ട്. ഞാനുമായി അര്‍ജ്ജുനെ താരതമ്യപ്പെടുത്തുന്നത് അനുചിതമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സച്ചിന്‍ പറയുന്നു. 

അര്‍ജുന്‍ ഒരിക്കലും അടുത്ത സച്ചിനാകില്ല. അവന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ്. അവന്‍ അങ്ങനെത്തന്നെ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു രക്ഷിതാവെന്ന നിലയില്‍ ഞാന്‍ എല്ലാ പിന്തുണയും നല്‍കും. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ഓവലില്‍ നടന്ന ടിട്വന്റി മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത അര്‍ജുന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. 24 പന്തില്‍ 48 റണ്‍സടിച്ച അര്‍ജുന്‍ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അണ്ടര്‍-19 കുച്ച് ബിഹാര്‍ ട്രോഫിയില്‍ അര്‍ജുന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. 

Content Highlights: My son should be Arjun, there should be no comparison, says Sachin Tendulkar