ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നേടിത്തന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍. ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് പരമ്പരയാണ്. 

2018-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി താരം അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്നാല്‍ അന്ന് വെറും 10 പന്തുകള്‍ മാത്രമാണ് താരത്തിന് എറിയാന്‍ സാധിച്ചത്. പിന്നീട് മസിലിനേറ്റ പരിക്കുമൂലം താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

പിന്നീട് ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നത് മൂന്നുവര്‍ഷമാണ്. പക്ഷേ കൃത്യമായി പരിശീലനം നടത്തി തളരാതെ ശാര്‍ദുല്‍ പിടിച്ചുനിന്നു. അതിന്റെ ഫലമാണ് ഓസ്‌ട്രേലിയയില്‍ കണ്ടത്. ഇതിനെല്ലാം കാരണം തന്റെ അച്ഛനാണെന്ന് പറയുകയാണ് താരം.

'എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. കൃഷിയിടത്തില്‍ നിന്നും നഷ്ടം സംഭവിച്ചാലും അദ്ദേഹം അടുത്ത വര്‍ഷം തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും കൃഷി ചെയ്യും. അതില്‍ വിജയിക്കുകയും ചെയ്തു. ഞാന്‍ അതുകണ്ടാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഞാന്‍ തളരില്ല. കരിയറില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഞാന്‍ കളിച്ചത്. ഒന്നില്‍ നിന്നും രണ്ടിലേക്ക് എനിക്ക് വേണ്ടി വന്നത് മൂന്നുവര്‍ഷങ്ങളാണ്. ആ ഇടവേള എന്നെ വല്ലാതെ മാറ്റിമറിച്ചു. ഓസിസ് പര്യടനത്തില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക അത്രമാത്രമാണ് എന്റെ ആഗ്രഹം. അതിനുവേണ്ടി എത്ര കാത്തിരിക്കാനും ഞാന്‍ തയ്യാറാണ്'-ശാര്‍ദുല്‍ ഠാക്കൂര്‍ പറഞ്ഞു.

നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏഴുവിക്കറ്റുകളും 67 റണ്‍സും നേടാന്‍ ശാര്‍ദുലിന് സാധിച്ചു.

Content Highlights: My Father is a Farmer, All Our Life We Are Taught to Keep Trying' - Shardul Thakur