ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ധോനി യുഗത്തില്‍ നിന്ന് കോലി യുഗത്തിലേക്കുള്ള മാറ്റത്തെ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും അംഗീകരിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും ധോനിയുടെ അഭാവത്തില്‍ കോലിക്ക് സംഭവിക്കുന്ന തെറ്റുകളെ ആരാധകര്‍ ഇത്രയധികം പെരുപ്പിച്ച് കാണിക്കുന്നത്.  

ഇരുവരുടെയും ആരാധകര്‍ വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും ക്രിക്കറ്റ് കളത്തിന് അകത്തും പുറത്തും ധോനിയും കോലിയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 

മിറര്‍ നൗവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ധോനിയും കോലിയും തമ്മിലുള്ള പരസ്പരധാരണയെ കുറിച്ചും ബഹുമാനത്തെ കുറിച്ചും ശാസ്ത്രി വ്യക്തമാക്കിയത്. കളിയോടുള്ള വ്യത്യസ്ത സമീപനം മാറ്റി നിര്‍ത്തിയാല്‍ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുകയാണെന്ന് ശാസ്ത്രി വ്യക്തമാക്കി.

'' ഇരുവര്‍ക്കും അവരുടേതായ ശൈലിയുണ്ട്, ഇരുവരും വ്യത്യസ്തരാണുതാനും. ബാറ്റിങ്ങിലും നായകത്വത്തിലും ഇരുവരും വ്യത്യസ്തരാണ്. ടീമിലെ സീനിയര്‍ താരമായിരുന്നു ധോനി, വിരാട് ആ സ്ഥാനത്തേക്ക് വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്നൊക്കെ ധോനിക്ക് അര്‍ഹിക്കുന്ന ബഹുമാനം കോലി നല്‍കിയിരുന്നു. ഇപ്പോള്‍ വിരാട് ക്യാപ്റ്റന്‍ സ്ഥാനത്താണ്. ഇപ്പോള്‍ അതേകാര്യം തിരിച്ച് ധോനിയും ചെയ്യുന്നു. ഇരുവര്‍ക്കും ഇടയിലുള്ള പരസ്പര ബഹുമാനം അത്രയ്ക്ക് വലുതാണ്. പരിശീലകനെന്ന നിലയില്‍ അതുതന്നെയാണ് ഒരാള്‍ക്ക് വേണ്ടതും'' - ശാസ്ത്രി വ്യക്തമാക്കി. 

നേരത്തെ ഓസീസിനെതിരായ പരമ്പര നഷ്ടപ്പെട്ടതിന് കാരണമായി പലരും ധോനിയുടെ ആഭാവം ചൂണ്ടിക്കാണിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളിലും കളിച്ച ധോനിക്ക് അവസാന രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്നു. ധോനിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനും മോശമായിരുന്നു. പ്രത്യേകിച്ചും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും. പലപ്പോഴും വിക്കറ്റിനു പിന്നില്‍ നിന്ന് ധോനി നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാറുള്ളത്.

37-കാരനായ ധോനിയുടെ അവസാന ടൂര്‍ണമെന്റാകും വരാനിരിക്കുന്ന ലോകകപ്പെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

Content Highlights: mutual respect between virat kohli and ms dhoni is massive ravi shastri