ധാക്ക: ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീമിന് സ്വന്തം. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മുഷ്ഫിഖുര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 

219 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഷ്ഫിഖുറിന്റെ മികവില്‍ ബംഗ്ലാദേശ് ഏഴിന് 522 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

421 പന്തില്‍ നിന്ന് 18 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് മുഷ്ഫിഖുര്‍ 219 റണ്‍സെടുത്തത്. ഈ വര്‍ഷം ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ചുറിയും ഇതാണ്. രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്‌സ്മാനെന്ന റെക്കോഡും ടെസ്റ്റില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും മുഷ്ഫിഖുര്‍ സ്വന്തം പേരില്‍ കുറിച്ചു. 

2013-ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മുഷ്ഫിഖുറിന്റെ ആദ്യ ഇരട്ട സെഞ്ചുറി. ടെസ്റ്റില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയും ഇതായിരുന്നു. തമീം ഇഖ്ബാലും (2015-ല്‍ പാകിസ്താനെതിരേ 206), ഷാക്കിബ് അല്‍ ഹസനുമാണ് (2017-ല്‍ ന്യൂസീലന്‍ഡിനെതിരേ 217) ടെസ്റ്റില്‍ ബംഗ്ലാദേശിനായി ഇരട്ട സെഞ്ചുറി നേടിയ മറ്റു താരങ്ങള്‍.

ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് എന്ന റെക്കോഡും ഈ ഇന്നിങ്‌സോടെ മുഷ്ഫിഖുര്‍ സ്വന്തമാക്കി. 537 മിനിറ്റാണ് അദ്ദേഹം ക്രീസില്‍ ചെലവഴിച്ചത്. 535 മിനിറ്റ് ക്രീസില്‍ നിന്ന അമീനുള്‍ ഇസ്ലാമിന്റെ റെക്കോഡാണ് മുഷ്ഫിഖുര്‍ തിരുത്തിയെഴുതിയത്.

മുഷ്ഫിഖുറിനു പിന്നാലെ മൊമിനുല്‍ ഹഖ് 161 റണ്‍സുമെടുത്തു. പുറത്താകാതെ 68 റണ്‍സെടുത്ത മെഹ്ദി ഹസനും ബംഗ്ലാദേശ് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 25 റണ്‍സ് എന്ന നിലയിലാണ്. 10 റണ്‍സോടെ ചാരിയും തിരിപനോയുമാണ് (0) ക്രീസില്‍. ബംഗ്ലാദേശ് സ്‌കോറിനേക്കാള്‍ 497 റണ്‍സ് പിന്നിലാണ് സിംബാബ്​വെ.

Content Highlights: mushfiqur's record innings puts bangladesh on top against zimbabwe